ദില്ലി: ബിജെപിക്കെതിരായ യു പി മിഷൻ പരിപാടി അവസാനിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ. തെരഞ്ഞെടുപ്പിൽ തിരിച്ചടി വന്നാൽ മാത്രമേ കർഷക ദ്രോഹ നയങ്ങളിൽ നിന്ന് ബിജെപി പിന്നോട്ട് പോകൂ എന്നാണ് ഭാരതീയ കിസാൻ യൂണിയൻ ടിക്കായത്ത് വിഭാഗത്തിൻ്റെ വിലയിരുത്തൽ. ഈക്കാര്യം ജനറൽ ബോഡി യോഗത്തിൽ ഉന്നയിക്കാനാണ് തീരുമാനം.
കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി ഇന്ന് ചേരും. സമരത്തെ സംബന്ധിച്ചുള്ള തീരുമാനത്തിൽ നിർണായകമാണ് ഈ യോഗം. താങ്ങുവിലയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ നിയമ നിർമ്മാണം നടത്തിയാൽ മതിയെന്നാണ് ഒരു വിഭാഗം സംഘടനകളുടെ നിലപാട്. കേന്ദ്രം ഈക്കാര്യത്തിൽ മേൽനോട്ടം വഹിച്ചാൽ മതിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടുന്നു. ഈ രണ്ട് അഭിപ്രായങ്ങളും കിസാൻ മോർച്ചയിൽ ചർച്ചയാകും.
സമരം തുടരാൻ ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. നിയമം റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാകാതെ പിൻവാങ്ങേണ്ട എന്നാണ് കർഷക സംഘടനകളുടെ നിലപാട്. ഉച്ചക്ക് ഒരു മണിക്ക് സിംഘുവിലാണ് യോഗം.
കർഷക സമരം തുടരാൻ സമര സമിതി തീരുമാനിച്ചിരുന്നു. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. സർക്കാർ കർഷകരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി.
താങ്ങുവില ഉറപ്പാക്കാൻ നിയമം നിർമിക്കാതെ സമരം നിർത്തില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാൻ കിസാൻ കോർഡിനേഷൻ കമ്മറ്റി യോഗം സിംഘുവിൽ ചേർന്നത്. നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.
സമരം പൂർണ വിജയമാകണമെങ്കിൽ ഈക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ദില്ലി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കർഷക സംഘടനകൾ ഉന്നയിക്കുന്നു.