കൊച്ചി: കാട്ടുപന്നിയെ ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാളെ കേന്ദ്രമന്ത്രിയെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവികളെ സംരക്ഷിക്കേണ്ട വനം വകുപ്പുതന്നെ കേന്ദ്രത്തെ സമീപിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. അതുകോണ്ട് നിബന്ധനകളോടെയാണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നും ശശീന്ദ്രൻ കൊച്ചിയിൽ പറഞ്ഞു .
കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകൾ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യം കൂടുതലുളള പ്രദേശങ്ങളിൽ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നൽകിയ അപേക്ഷയിൽ കേന്ദ്രം ഇത് വരെ തീരുമാനം എടുത്തിട്ടില്ല. കാട്ടുപന്നി ശല്യം രൂക്ഷമായ പല മേഖലകളിലും കൃഷി നിലച്ച മട്ടാണ്.
വന്യജീവി സംരക്ഷണ നിയമത്തിൻറെ ഷെഡ്യൂൾ മൂന്നിൽ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. എന്നാൽ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാൽ തന്നെ കേരളത്തിൽ കാട്ടുപന്നികൾ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആർക്കും വ്യക്തതയില്ല. എങ്കിലും ഏറ്റവുമധികം കൃഷിനാശമുണ്ടാക്കുന്ന ജീവികളലൊന്ന് ഇവയാണെന്നതിൽ ആർക്കും തർക്കമില്ല.
ഇതു പരിഗണിച്ചാണ് കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ സർക്കാർ അനുമതി നൽകിയതും പിന്നീട് വ്യവസ്ഥകൾ ലളിതമാക്കിയതും. ഇവയുടെ എണ്ണം വച്ചുനോക്കുമ്പോൾ ശല്യം കൂടുതലുളള മേഖലകളിൽ നിയന്ത്രിതമായി കൊന്നൊടുക്കകയാണ് വേണ്ടതെന്ന് കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര വന്യ ജീവി ബോർഡിന് അപേക്ഷ നൽകി മാസങ്ങളായിട്ടും തീരുമാനം വന്നിട്ടില്ല. ഇക്കാര്യത്തിൽ അനുകൂല തീരുമാനം വരാത്ത പക്ഷം മലയോര മേഖലകളിലെ കൃഷിമാത്രമല്ല ജനങ്ങളുടെ സ്വൈര്യജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്ന നിലയിലാണ് കാര്യങ്ങൾ.