ഹൈദരാബാദ്: ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളിൽ വീടുകൾ വെള്ളത്തിലാണ്. ഒഴുക്കിൽപ്പെട്ടും കെട്ടിടം തകർന്നും മഴക്കെടുതിയിൽ മരണം 30 (Death) ആയി. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.
15000 ത്തോളം തീർത്ഥാടകരാണ് സർക്കാർ കേന്ദ്രങ്ങളിൽ കഴിയുന്നത്. ട്രെയിൻ വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി തീർത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസഹായം ഉറപ്പ് നൽകിയിരുന്നു.
ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചതടക്കം നിരവധി ദുരന്ത വാർത്തകളാണ് പ്രദേശത്തുനിന്ന് പുറത്തുവന്നത്. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു . നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നാണ് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നത്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഉപക്ഷേത്രങ്ങളിൽ പലതും വെള്ളത്തിനടിയിലാണ്. ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്.
പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളിൽ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി. ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻറെ അറിയിപ്പ്.