കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശ്രീജിത്ത് പണിക്കര്‍. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കാനുള്ള ധാര്‍മികമായ അവകാശം മോദിക്ക് നഷ്ടപ്പെട്ടു. പൂര്‍ണമായും രാഷ്ട്രീയലാഭത്തോടെ വരും തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചുവടുമാറ്റമാണിതെന്നും നീണ്ട പ്രതിഷേധത്തിന് ശേഷം നിയമങ്ങള്‍ പിന്‍വലിക്കാനാണെങ്കില്‍ ഇതുവരെയുണ്ടായിരുന്ന ഇച്ഛാശക്തി എവിടെപ്പോയെന്നും ശ്രീജിത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ശ്രീജിത്തിന്റെ വാക്കുകൾ,
”ബിജെപി യൂടേണ്‍ എടുത്താലും ഞാന്‍ യൂടേണ്‍ എടുത്തിട്ടില്ല എന്നാണ് പറയാനുള്ളത്. ഒരു തീരുമാനം സര്‍ക്കാര്‍ കൊണ്ടുവരുന്നു. കര്‍ഷകരുടെ ഭാഗത്ത് നിന്നൊരു പ്രതിഷേധമുണ്ടാകുന്നു. ഒരു വര്‍ഷം നീണ്ട പ്രതിഷേധത്തിന് ശേഷം നിയമങ്ങള്‍ പിന്‍വലിക്കാനാണെങ്കില്‍ ഇതുവരെയുണ്ടായിരുന്ന ഇച്ഛാശക്തി എവിടെ. ഏറ്റവും ഗുരുതരമായിട്ടുള്ള പ്രശ്‌നം, അത് മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് എന്തിന് ഇത്രയും കാലം വേണ്ടി വന്നു എന്നതാണ്. എത്ര കര്‍ഷകര്‍ മരണപ്പെട്ടു, കര്‍ഷകസമരങ്ങളിലേക്ക് വാഹനങ്ങള്‍ ഇടിച്ചുകയറിയ സംഭവം നമുക്ക് അറിയാം. സംഭവങ്ങള്‍ ഇത്രയും ഗുരുതരമാണെന്ന് ഒരു ഗുരുനാനാക്ക് ജയന്തിയുടെ തലേന്ന് അല്ലല്ലോ പ്രധാനമന്ത്രിക്ക് ബോധമുണ്ടാകേണ്ടത്. ആ ബോധം എന്തുകൊണ്ട് അദ്ദേഹത്തിന് മാസങ്ങള്‍ക്ക് മുന്‍പുണ്ടായില്ല.” ”ഭരണകൂടം എന്തുകൊണ്ട് ഈ തീരുമാനം നേരത്തെ തിരുത്തിയില്ല. ഇത്രയും വൈകിയത് കൊണ്ട് എത്രയധികം മനുഷ്യരെ കുരുതി കൊടുത്തു എന്ന ചോദ്യത്തില്‍ നിന്ന് പ്രധാനമന്ത്രിക്കും ബിജെപിക്കും ഒളിച്ചോടാന്‍ സാധിക്കില്ല. അതുകൊണ്ട് തീര്‍ച്ചയായിട്ടും പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള, പ്രധാനമന്ത്രിയായി ഇരിക്കാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടു. പൂര്‍ണമായും രാഷ്ട്രീയലാഭത്തോടെ, പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം വരുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചുവടുമാറ്റമാണിത്.”