റിയാദ്: സൗദി അറേബ്യയിലേക്ക് ഉംറക്ക് വരുന്ന വിദേശ തീര്‍ത്ഥാടകരുടെ പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറമില്‍ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാന്‍ 18നും 50നും ഇടയിലുള്ളവര്‍ക്ക് മാത്രമായിരിക്കും അര്‍ഹത.
സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഉംറ വിസ ലഭിക്കണമെങ്കില്‍ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെടണം. ഈ ഏജന്‍സികള്‍ക്ക് സൗദിയിലെ ഉംറ കമ്ബനികളുമായി കരാറുണ്ടാവണം. യാത്ര ചെയ്യുന്നതിന് മുമ്ബ് അംഗീകൃത കൊവിഡ് വാക്സിന്റെ ഡോസുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം.
കൂടാതെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം വഴി ഇലക്‌ട്രോണിക് വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി
മക്ക മസ്ജിദുല്‍ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീര്‍ത്ഥാടകരും പെര്‍മിറ്റ് നേടണം. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൂടെ കൊണ്ടുവരരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.