ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ കളിയിൽ ആധിപത്യമുറപ്പിച്ച് ബെംഗളൂരു 3-2 ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പ്രതിരോധത്തിന് മുൻഗണന കൊടുത്തുള്ള മുന്നേറ്റമായിരുന്നു ഇരു ടീമിന്റേതും.
മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ബെംഗളൂരു ലീഡെടുത്തു. മൂന്നു മിനിറ്റിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. മലയാളി താരം സുഹൈറിന്റെ പാസില്‍ ദെശോണ്‍ ബ്രൗണ്‍ ലക്ഷ്യം കണ്ടു.
അഞ്ച് മിനിറ്റിന് ശേഷം മലയാളി താരങ്ങളിലൂടെ ബെംഗളൂരു ലീഡെടുത്തു. ഇടതു വിങ്ങില്‍ നിന്ന് ആഷിഖ് കുരുണിയന്‍ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഈ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മഷൂര്‍ ഷരീഫിന്റെ ഷോട്ട് സ്വന്തം വലയില്‍ തന്നെ എത്തി. സെല്‍ഫ് ഗോളില്‍ ബെംഗളൂരു ലീഡ് നേടി.
പക്ഷേ തളരാതെ പൊരുതിയ നോര്‍ത്ത് ഈസ്റ്റ് 25-ാം മിനിറ്റില്‍ ഈ ഗോളിന് മറുപടി നല്‍കി. ഇടതു വിങ്ങിലൂടെ മുന്നേറി സുഹൈര്‍ നല്‍കിയ ക്രോസ് മതിയാസ് കൗറര്‍ വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-2 ആയി. പിന്നീട് 42-ാം മിനിറ്റില്‍ ജയേഷ് റാണ വീണ്ടും ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ ബെംഗളൂരു നാലാം ഗോള്‍ നേടി. 82-ാം മിനിറ്റില്‍ പ്രിന്‍സ് ഇബാര ലക്ഷ്യം കണ്ടു.