ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകൻ, സിനിമയെ ആത്മാർത്ഥമായി പ്രണയിക്കുന്ന സംവിധായകൻ എന്നീ നിലകളിൽ സിനിമാമേഖലയിൽ സുപരിചിത വ്യക്തിത്വമായ ഡോ. സോഹൻ റോയ്, സിനിമാലോകത്തിനും മാനവികതയ്ക്കും നൽകിയ സംഭാവനകൾക്ക് വീണ്ടും അംഗീകാരം. ഇറ്റലിയിലെ’നൈറ്റ് ഓഫ് പാർട്ടെ ഗുൽഫ ‘ എന്ന ബഹുമതിപ്പട്ടത്തിന് അർഹനാകുന്ന ആദ്യ ഭാരതീയൻ എന്ന ബഹുമതിയാണ് അദ്ദേഹം കരസ്ഥമാക്കിയത്.
പ്രശസ്തമായ സാന്താ ക്രോസിന്റെ ബസിലിക്കയിലും ഫ്ലോറൻസിലെ പാലാജിയോ ഡി പാർട്ടെ ഗ്വെൽഫയിലുമായി നടക്കുന്ന പരിപാടിയിലാണ് ഈ ബഹുമതി അദ്ദേഹത്തിന് സമർപ്പിച്ചത്.പാർട്ടെ ഗുൽഫയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്ന 2021 നവംബർ 19 മുതൽ 21 വരെയുള്ള സമയത്താണ് ഈ ചടങ്ങും നടക്കുക.ഇതിനുമുൻപ് ഇത്തരത്തിൽ ആദരിക്കപ്പെട്ടവരിൽ പോപ്പ് ഫ്രാൻസിസ്, സ്റ്റെഫാനോ കോർഡെറോ ഡി മോണ്ടെസെമോലോ, ജിയാനോസോ പുച്ചി ഡി ബാർസെന്റോ, ഗ്വാൾട്ടീറോ ബാസെറ്റി, ലൂസിയാനോ അർട്ടൂസി തുടങ്ങിയ മഹത് വ്യക്തികളും ഉൾപ്പെടുന്നു.
തന്റെ സംരംഭങ്ങളും സിനിമകളുമൊക്കെ മാനുഷിക മൂല്യങ്ങളിലും പാരിസ്ഥിതിക സംരക്ഷണത്തിലും അധിഷ്ഠിതമായി കെട്ടിപ്പടുക്കാനുള്ള ഡോ. സോഹൻ റോയിയുടെ ശ്രമങ്ങളാണ് ഈ ഒരു’നൈറ്റ്-ഷിപ്പിലൂടെ ആദരിക്കപ്പെടുന്നതിന് അദ്ദേഹത്തെ അർഹനാക്കിയത്.കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ബ്ലാക്ക് സാൻഡ് ‘ എന്ന ഡോക്യുമെന്ററി, ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. ഓരോ ആഴ്ച്ചയിലും ഒരു അന്തർദ്ദേശീയ പുരസ്‌കാരമെങ്കിലും കരസ്ഥമാക്കിക്കോണ്ട് ആഗോള ചലച്ചിത്ര മേളകളിൽ ശ്രദ്ധേയ സാന്നിധ്യമായി ഇപ്പോഴും തിളങ്ങിനിൽക്കുന്ന ഒരു ഡോക്യുമെന്ററി കൂടിയാണ് അത്.
അദ്ദേഹം നിർമ്മിച്ച ‘മമ് – സൗണ്ട് ഓഫ് പെയിൻ ‘ എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ഇത്. പ്രകൃതി സംരക്ഷണത്തിന്റെ അഭാവത്തിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ, ഏറ്റവും ഭീകരമായ അണക്കെട്ട് ദുരന്തങ്ങളുടെ കഥ പറയുന്ന ‘ഡാംസ് – ദി ലെത്തൽ വാട്ടർ ബോംബ്സ് ‘ എന്ന ഡോക്യുമെന്ററിയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ ഒന്നായിരുന്നു ഇത് . അദ്ദേഹം തുടർന്ന് സംവിധാനം ചെയ്ത ‘ഡാം 999’ എന്ന ചലച്ചിത്രം, നൂറ്റി മുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ മുഖ്യധാരയിൽ നിന്ന് പ്രവേശനം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറുകയും ചെയ്തിരുന്നു.
ഒരു പ്രൊഫഷണൽ നേവൽ ആർക്കിടെക്ട് എന്ന നിലയിൽ പരിസ്ഥിതി സൗഹാർദ്ദപരമായ സംരംഭങ്ങൾ ആരംഭിച്ച് വിജയിപ്പിച്ച് തന്റെ സംരംഭത്തെ ലോകത്തിലെ ഒന്നാം നിരയിലെത്തിച്ച വ്യവസായി കൂടിയാണ് ഡോ. സോഹൻ റോയ്. അദ്ദേഹം ചെയർമാനും സി ഇ ഒയുമായ എരീസ് ഗ്രൂപ്പിന്റെ സംരംഭങ്ങളിൽ ഒന്നായ “ഏരീസ് ഗ്രീൻ സൊല്യൂഷൻസ് “, ചരിത്രനേട്ടങ്ങൾ പാരിസ്ഥിതികരംഗത്ത് കപ്പലുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്ന ആയിരത്തി അഞ്ഞൂറിലേറെ ‘റിട്രോഫിറ്റ് എഞ്ചിനീയറിംഗ് പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഈ രംഗത്തെ ലോക ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കായി നിരവധി ക്ഷേമ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു.ജീവനക്കാരുടെ മാതാപിതാക്കൾക്ക് പ്രതിമാസ പെൻഷൻ,ജീവിത പങ്കാളിയ്ക്ക് ശമ്പളം, പെൻഷനോടുകൂടി നേരത്തെ തന്നെ വിരമിക്കാനുള്ള സൗകര്യം, കുട്ടികൾക്കുള്ള വിദ്യാഭ്യാസച്ചിലവുകൾ, അകാലത്തിൽ മരണപ്പെട്ടാൽ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ സംരക്ഷണം, സ്കോളർഷിപ്പുകൾ നൽകുക, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക , വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികൾ മാറ്റിവയ്ക്കുക തുടങ്ങിയവ അവയിൽ ചിലതാണ്.
ലോക പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഉത്തരവാദിത്ത ഖനനത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചതിന് ബെറ്റർ വേൾഡ് ഫണ്ടിന്റെ അഞ്ചാമത്തെ യൂണിറ്റി പുരസ്കാരവും ഡോ. സോഹൻ റോയിയ്ക്ക് ലഭിച്ചിരുന്നു.1266-ൽ പോപ്പ് ക്ലെമന്റ് നാലാമനാൽ ഔപചാരികമായി സ്ഥാപിതമായ പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ ഒരു ഓർഡറാണ് ആദ്യകാലത്ത് ‘സോസൈറ്റാസ് പാർട്ടിസ് എക്കെലേഷ്യ ‘ എന്നറിയപ്പെട്ടിരുന്ന ഓർഡർ ഓഫ് ദി ഗ്വേൽഫ് പാർട്ട് (Ordo Partis Guelfae). ‘ഗ്വേൽഫ് പാർട്ടി ‘, പ്രാഥമികമായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒന്നാണ് , “നൈറ്റ്ഹുഡ്” എന്നത് ലോക പരിസ്ഥിതിയുടെ സംരക്ഷകനെന്ന അംഗീകാരമായും കണക്കാക്കപ്പെടുന്നു.