ജമ്മു: ജമ്മു കശ്മീരിലെ (jammu and kashmir)കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ (terrorists)വധിച്ചു. കുൽഗാമിലെ അഷ്മുജി മേഖലയിലാണ് ഏറ്റുമുണ്ടലുണ്ടായത്.
പ്രദേശം വളഞ്ഞ് സംയുക്തസേന നടത്തുന്ന തെരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തിനിടെ കുൽഗാം ജില്ലയിൽ മൂന്നാം തവണയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്.
കുൽഗാമിലെ പോംഭായി,ഗോപാൽപ്പോര എന്നിവിടങ്ങളിലും ഈയാഴ്ച ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഗോപാൽപ്പോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരസംഘടനയായ ടിആർഎഫിന്റെ കമാൻഡർ അഫാഖിനെ സൈന്യം വധിച്ചത്. മേഖലയിൽ സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിരുന്നു. പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടിയതും ഈ ആഴ്ച തന്നെ. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ബാരാമുള്ളയിൽ സുരക്ഷ സേനയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.