അടിമാലി: ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേ്ക്ക് യുവതി ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ ഇടുക്കി മന്നാങ്കണ്ടം സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അടിമാലി ഇരുമ്പുപാലത്തെ ഒരു പള്ളിയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുൺകുമാറും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. എന്നാൽ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കിൽ 214000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവിൽ 14000 രൂപ നൽകാമെന്ന് അരുൺ കുമാർ സമ്മതിച്ചു.
ഇത് സംസാരിക്കാനായാണ് ഇരുവരും അടിമാലി സെന്റ് ആന്റണി ചർച്ചിന് സമീപം എത്തിയത്. ഇതിനിടയിലാണ് കയ്യിലിരുന്ന ആസിഡ് ഷീബ, അരുൺ കുമാറിന്റെ മുഖത്തേക്ക് ഒഴിച്ചത്. റബ്ബർ പാലിൽ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഷീബയെ പൊലീസ് കസ്റ്റെഡിയിലെടുത്തു.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്തിരിഞ്ഞു നില്‍ക്കുന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് തന്നെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.