തിരുവനന്തപുരം; കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍ നിര്‍ബ്ബന്ധമായും മാധ്യമ പഠനത്തിന്റെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.മുഹമ്മദ് നിയാസ് സി.പി. സാര്‍വ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും”എന്ന വിഷയത്തില്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. കുട്ടികളുടെ അവകാശങ്ങളും അവര്‍ക്കെതിരായ അവകാശലംഘനങ്ങളും സമൂഹത്തെ അറിയിക്കുകയെന്ന കര്‍ത്തവ്യവും മാധ്യമങ്ങള്‍ക്കുണ്ട്. അവകാശങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കിയാല്‍ മാത്രമേ അവയുടെ ലംഘനവും സമൂഹത്തിന് മനസിലാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ സംബന്ധിക്കുന്ന മാധ്യമവാര്‍ത്തകള്‍ ഒരിക്കലും സംഭ്രമമോ ഭയമോ ഉണ്ടാക്കുന്നതാകരുതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ പറഞ്ഞു. വാര്‍ത്തകള്‍, കുട്ടികള്‍ക്ക് വിജ്ഞാനം പകരുന്നതും അതോടൊപ്പം അവകാശസംരക്ഷണം ലക്ഷ്യമിടുന്നതുമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
മാധ്യമങ്ങളുടെ രൂപവും സ്വഭാവവും ഭാവവും മാറുന്ന ഈ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ നിര്‍വചനത്തിന് അതീതമാണെന്ന് സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍വകാലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ അരുണ്‍കുമാര്‍ വിഷയാവതരണം നടത്തി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍മാരായ റെനി ആന്റണി, കെ.നസീര്‍, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, ബബിതാ ബല്‍രാജ്, പി.പി ശ്യാമളാദേവി, സി.വിജയകുമാര്‍, സെക്രട്ടറി അനിതാ ദാമോദരന്‍, വനിതാശിശുവികസന വകുപ്പ്, പോലീസ്, ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥര്‍, മാധ്യമ-നിയമ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.