തിരുവനന്തപുരം; സംസ്ഥാനത്ത് 6450 പേർ കൂടി അടുത്ത ഘട്ടമായി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പ്രത്യേകത 30 ശതമാനം വനിതകളെ ഇതിൽ ഉൾപ്പെടുത്തിയെന്നതാണ്. അപകടപ്രദേശങ്ങളിലെ കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിന് ഇത് വലിയ സഹായമാണ്. സിവിൽ ഡിഫൻസ് ഫോഴ്‌സ് പൂർണ സജ്ജമാകുന്നതോടെ അപകട രക്ഷാ പ്രതിരോധ പ്രവർത്തനങ്ങൾ പതിൻമടങ്ങ് കരുത്താർജിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കാലഘട്ടത്തിലെ വെല്ലുവിളി നേരിടാൻ മികച്ച രക്ഷാപ്രവർത്തനം കാഴ്ച വയ്ക്കാനാവണം. ഇതിന് സേനയെ ആധുനികവത്ക്കരിക്കേണ്ടത് പ്രധാനമാണ്. ഇതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്‌നിശമന സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ പ്രധാനമായും ശ്രദ്ധിക്കുന്നത്. 49 പേരാണ് പുതിയതായി അഗ്‌നിശമന സേനയുടെ ഭാഗമായത്. ഇതിൽ നാലു പേർ എൻജിനിയറിങ് ബിരുദധാരികളും 21 പേർ ബിരുദധാരികളും നാല് ഡിപ്‌ളോമക്കാരും ഐ. ടി. ഐ പാസായ അഞ്ചു പേരും ഉൾപ്പെടുന്നു. പ്രളയ കാലത്തും കാലവർഷം മൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളിലും കോവിഡ് മഹാമാരിയുടെ വേളയിലും അഗ്‌നിശമന സേന സ്തുത്യർഹമായ സേവനം കാഴ്ചവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.