ന്യൂഡൽഹി: സർക്കാരിൻ്റെ ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ കൂടി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വികലാംഗ അവകാശ പ്രവർത്തകനും അഭിഭാഷകനുമായ എം കർപ്പഗമാണ് പൊതുതാൽപ്പര്യ ഹർജി (PIL) സമർപ്പിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
2016ലെ വികലാംഗ അവകാശ നിയമ പ്രകാരമാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി, കേന്ദ്രസ ർക്കാരിലെ മറ്റ് മന്ത്രിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, സംസ്ഥാന സർക്കാരിൻ്റെ മറ്റ് മന്ത്രിമാർ എന്നിവർ നടത്തുന്ന വാർത്താസമ്മേളനങ്ങളിൽ ചട്ടങ്ങൾക്കനുസൃതമായി ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവിനെ കൂടി ഉൾപ്പെടുത്തണമെന്ന് ഹർജിയിൽ പറയുന്നു.
ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾ കോവിഡ് സമയത്ത് പോലും പത്രസമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയിൽ അത് ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിവിധ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാകുന്നത് ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ നിന്നാണ്. ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ ഇല്ലാത്തതിനാൽ അംഗ പരിമിതർക്ക് ഇത് നിഷേധിക്കപ്പെടുന്നു. ശ്രവണ – സംസാര വൈകല്യമുള്ളവരുടെ ലോകവുമായി മറ്റുള്ളവരെ ബന്ധിപ്പിക്കുന്ന പാലമാണ് ആംഗ്യഭാഷയെന്നും കർപ്പഗം പറയുന്നു.