ആന്ധ്രപ്രദേശ്: മഴക്കെടുതിയില്‍ ആന്ധ്രപ്രദേശില്‍ 499.98 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ആന്ധ്രപ്രദേശ് സര്‍ക്കാരിൻ്റെ പ്രാഥമിക കണക്ക്. 168 താലൂക്കുകളിലായി 1,109 വില്ലേജുകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 230 ദുരിതാശ്വാസ ക്യാംപുകളിലായി 22,593 പേരാണ് കഴിയുന്നത്. 2,391 പശുക്കള്‍ ഒഴുക്കില്‍പ്പെട്ട് ചത്തു. 1,51,047 ഹെക്ടര്‍ കൃഷി നശിച്ചു. രണ്ടുമരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21 ആയി.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് ജലാശയങ്ങളില്‍ ശക്തമായ ഒഴുക്ക് തുടരുകയാണ്.
സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡുകള്‍ തകരുകയും റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസപ്പെടുകയും ചെയ്തു. രായലസീമ മേഖലയിലാണ് മഴ കൂടുതല്‍ ബാധിച്ചിരിക്കുന്നത്.