സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഭരണകൂടം അതിന്റെ പൗരന്മാർക്ക് മുൻപിൽ മുട്ടുമടക്കി, തലകുമ്പിട്ട് നിൽക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഊട്ടിയുറപ്പിക്കുന്ന നിമിഷമായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന ഒരു നേരത്താണ് കേന്ദ്ര സർക്കാർ കർഷക കരി നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായത്. എന്നാൽ അത് അപ്രതീക്ഷിതമല്ല, വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന വാദവും ഉണ്ട്. അതും നിസാരമായി തള്ളിക്കളയാനാവില്ല. കാരണം അത്രമേൽ ശക്തമായിരുന്നു കർഷക സമരം. രാജ്യം ഇതുവരെ കനത്ത അത്രയും ശക്തം. അത്രയും കെട്ടുറപ്പോടെ മുന്നേറിയ സമരത്തെ തകർക്കാൻ ശ്രമമേറെയുണ്ടായിട്ടും തളരാതെ നിന്ന പോരാട്ട വീര്യമായിരുന്നു അത്.
പരമാവധി പിടിച്ചു നിൽക്കാനും വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്ക് ന്യായീകരണം നൽകാനും കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. പക്ഷെ തുടക്കം മുതൽ ഈ കാർഷിക നിയമങ്ങളുടെ അപകടം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം മറക്കാനാണ് കേന്ദ്രം നോക്കിയത്. പക്ഷെ നാൾക്കുനാൾ കഴിയും തോറും കേന്ദ്രത്തിന് പിടിച്ച് നിൽക്കാനാകാതെ വന്നു. ഈ പാർലമെന്റ് സമ്മേളനകാലത്ത് നടക്കാനിരുന്ന ദിനം പ്രതി 500 പേർ പങ്കെടുക്കുന്ന പാർലമെന്റ് മാർച്ച് കൂടി അടുത്തതോടെയാണ് കേന്ദ്രം മുട്ടുമടക്കിയത്. ദിനംപ്രതി പാർലമെന്റിലേക്ക് കർഷകരുടെ നേതൃത്വത്തിൽ മാർച്ച് നടന്നാൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ അതോടൊപ്പം നിൽക്കും. ഫലത്തിൽ ലോകത്തിന് മുൻപിൽ മോദിയുടെ പ്രതിച്ഛായ തകരും. ഈ സാഹചര്യമാണ് അവസാനമായി മാപ്പ് പറയാൻ ഇടയാക്കിയത്.
കേന്ദ്ര സർക്കാർ പരാജയം രുചിച്ച 11 ചർച്ചകളാണ് കർഷകരുമായി നടത്തിയത്. മുൻപോട്ട് വെച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കാതെ പുറകോട്ടിലെന്ന് കട്ടായം പറഞ്ഞു. ഇതോടെ നാൾക്കുനാൾ ശക്തമായ സമരം രു വര്ഷത്തോളമാണ് നീണ്ടു നിന്നത്. കർഷകസമരത്തിന് 12 മാസം തികയാൻ വെറും ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് മോദി സർക്കാരിന്റെ ഏറ്റുപറച്ചിൽ. ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ കർഷകർക്കുള്ള സമ്മാനമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എന്നാൽ ഇത് കേവലമൊരു സമ്മാനമല്ല, കർഷകർ അർഹിച്ച വിജയവും മോദി സർക്കാരിന്റെ പരാജയവുമാണ്. കഴിഞ്ഞ ഏഴു വർഷത്തെ മോദി ഭരണത്തിനിടെ ഒരു വിഷയത്തിൽനിന്നുള്ള ആദ്യ പിന്മാറ്റമായിരുന്നു ഇത്.
എന്തായിരുന്നു വിവാദ കാർഷിക നിയമങ്ങൾ
കാർഷിക മേഖലയുടെ ഉദാരവൽക്കരണത്തിന്റെ ഭാഗമായാണ് മോദി സർക്കാർ 3 നിയമങ്ങൾ നടപ്പാക്കിയത്.
1. കർഷക ഉൽപന്ന വ്യാപാര വാണിജ്യനിയമം:
ഈ നിയമമാണ് ഏറ്റവും കൂടുതൽ എതിർക്കപ്പെട്ടത്. വ്യാപാര മേഖല, വ്യാപാരി വ്യവസ്ഥകൾ പ്രധാന പ്രശ്നം.
ചന്തകൾക്കു പുറത്തുള്ള സ്ഥലങ്ങളെയും വ്യാപാര മേഖലകളായി കണക്കാക്കുന്നു. പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ഉള്ള ആർക്കും വ്യാപാരത്തിൽ ഏർപ്പെടാം. ഇത് കോർപറേറ്റുകൾ കാർഷിക മേഖലയിൽ ആധിപത്യമുറപ്പിക്കാൻ ഇടയാക്കുമെന്നും ചെറുകിട, നാമമാത്ര വ്യാപാരികൾ പ്രതിസന്ധിയിലാകുമെന്നും വിലയിരുത്തലുണ്ടായി.
2. കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം:
കരാർകൃഷി സംബന്ധിച്ചാണു വ്യവസ്ഥകൾ. ഇടനിലക്കാരെ ഒഴിവാക്കി, വൻകിട ചില്ലറ വിൽപനക്കാരും കയറ്റുമതിക്കാരുമായി കർഷകർക്കു നേരിട്ട് ഇടപാടിനു സൗകര്യം. വില സുരക്ഷ ഉറപ്പാകുമെന്നു സർക്കാർ വാദം. എന്നാൽ, വില എങ്ങനെ തീരുമാനിക്കുമെന്നതിൽ അവ്യക്തത. കർഷകരും കരാറുകാരും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനം സങ്കീർണം. കർഷകരുടെ വിലപേശൽ േശഷി നഷ്ടപ്പെടുമെന്ന് ആശങ്ക.
3. അവശ്യസാധന (ഭേദഗതി) നിയമം:
കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയതാണ് അവശ്യസാധന നിയമം (1955). ഭേദഗതിയിലൂടെ ഉൽപന്ന സംഭരണ പരിധി വ്യവസ്ഥകൾ ഉദാരമാക്കി. ഇതു കോർപറേറ്റുകൾക്കുവേണ്ടിയെന്ന് ആക്ഷേപം. യുദ്ധം, ക്ഷാമം, അമിത വിലക്കയറ്റം, കടുത്ത പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയുടെ സമയത്തു മാത്രമേ സർക്കാർ ഇടപെടൽ ഉണ്ടാകൂ. ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കും കയറ്റുമതിക്കാർക്കും സംഭരണപരിധി ബാധകമല്ല.
ഈ നിയമങ്ങൾക്കെതിരായിരുന്നു കർഷക സമരം. 2020 നവംബർ 26 നായിരുന്നു കർഷകർ സമര പ്രഖ്യാപനം ആരംഭിച്ചത്. എന്നാൽ സമരത്തെ തോൽപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കങ്ങൾ ചെറുതായിരുന്നില്ല. സമരം ചെയ്യുന്ന കർഷകർക്കിടയിൽ രാഷ്ട്രീയ പാർട്ടികൾക്കു പുറമേ ഖലിസ്ഥാൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറിട്ടുണ്ട് എന്ന് ബിജെപിയും സർക്കാർ ഏജൻസികളും നിരന്തരം ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചു, അപായപ്പെടുത്താൻ ശ്രമിച്ചു. റോഡുകൾ ഉപരോധിച്ച കർഷകരെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചു. എന്നിട്ടും കർഷകർ ശൈത്യത്തെയും കൊടുംചൂടിനെയും പൊടിയെയും മഴയെയും അതിജീവിച്ച് ഒറ്റക്കെട്ടായി നിന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ എതിർത്തിട്ടും, ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ അകാലിദളിനെ നഷ്ടപ്പെട്ടിട്ടും കർഷക വേട്ട തന്നെയായിരുന്നു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. കോൺഗ്രസ്, അകാലി ദൾ, ആംആദ്മി പാർട്ടി, ഇന്ത്യൻ നാഷനൽ ലോക്ദൾ എന്നീ രാഷ്ട്രീയപാർട്ടികളും നൂറുകണക്കിന് കർഷക, കൃഷി തൊഴിലാളി സംഘടനകളും നിയമങ്ങളെ എതിർത്തു. കേരളം അടക്കമുള്ള മറ്റിടങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രതിനിധി സംഘങ്ങൾ സമരവേദിയിലെത്തി. കേന്ദ്രം കുലുങ്ങിയില്ല.
കേന്ദ്രം കുലുങ്ങാതെ നിന്നപ്പോൾ കർഷകരും അതിനേക്കാൾ ഉറച്ച നിലപാടിലാണ് നിന്നത്. പ്രക്ഷോഭത്തിനു ചുക്കാൻ പിടിക്കാൻ സംയുക്ത കിസാൻ മോർച്ചയ്ക്കു രൂപം നൽകി. ചെറുതും വലുതുമായ നാനൂറോളം സംഘടനകൾ ചേർന്ന് മോർച്ചയ്ക്കു രൂപം നൽകിയതു പ്രക്ഷോഭത്തിലേക്കുള്ള ആദ്യ വിജയച്ചുവടായി. ഡൽഹി അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ സ്ഥിരം സമര കേന്ദ്രങ്ങൾ ഒരുങ്ങി. ഭക്ഷണം പാകം ചെയ്യാൻ സമൂഹ അടുക്കളകൾ (ലംഗറുകൾ) സജ്ജമാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ഉരുളക്കിഴങ്ങ്, സവാള, പച്ചക്കറികൾ എന്നിവയുമായി ദിവസേന ട്രാക്ടറുകളെത്തി. മില്ലുടമകൾ ഗോതമ്പ് സൗജന്യമായി പൊടിപ്പിച്ച് എത്തിച്ചു. ഭക്ഷണശാലകൾ നടത്തുന്നവർ പാൽ വാങ്ങി ദിവസേന ട്രാക്ടറുകളിൽ കയറ്റിവിട്ടു. മഹാരാഷ്ട്രയിൽനിന്ന് ഓറഞ്ച്, കശ്മീർ, ഹിമാചൽ എന്നിവിടങ്ങളിൽനിന്ന് ആപ്പിൾ, കേരളത്തിൽ നിന്ന് പൈനാപ്പിൾ എന്നിവ ട്രക്കുകളിലെത്തി.
ട്രാക്ടറുകൾക്കു പിന്നിൽ കോർത്ത വലിയ ട്രോളികളായിരുന്നു കിടപ്പുമുറി. ശൈത്യകാലത്ത് അതിനുള്ളിൽ വൈക്കോൽ നിരത്തി. മുകളിൽ പഞ്ഞിക്കിടക്ക. കാറ്റ് കയറാതിരിക്കാൻ കമ്പിളിപ്പുതപ്പു കൊണ്ടു ട്രോളികൾ മറച്ചു. മുതിർന്നവരും സ്ത്രീകളും ട്രോളികളിൽ കിടന്നപ്പോൾ യുവാക്കൾ പുറത്തു കാവൽനിന്നു. വെള്ളം ചൂടാക്കുന്നതിന് ആയിരക്കണക്കിനു ഹീറ്ററുകളും എത്തിച്ചു. വേനൽ കാലത്ത് എസികളും കൂളറുകളും എത്തി. സമരം നീണ്ടതോടെ ടെന്റുകൾ കെട്ടിടങ്ങളാണ് മാറി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ഇഷ്ടികയും സിമന്റുമെത്തി. ഒപ്പം നിർമാണ തൊഴിലാളികളും. ദിവസങ്ങൾക്കുള്ളിൽ കെട്ടിടങ്ങളുയർന്നു. സമരത്തിന്റെ വേര് കൂടുതൽ ബലമുള്ളതായി. എത്രകാലം നീണ്ടാലും വിജയിക്കാതെ പിന്മാറില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതായി ഈ നീക്കം.
റിപ്പബ്ലിക് ദിനവും ലഖിംപൂർ ഖേരിയും
കേന്ദ്രസർക്കാറിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കത്തിപടരുന്നതിനിടെയായിരുന്നു 2021 റിപബ്ലിക് ദിനത്തിലെ പ്രതിഷേധം. രാജ്യം ഇതുവരെ കാണാതിരുന്ന പ്രതിഷേധത്തിനായിരുന്നു റിപബ്ലിക് ദിനം സാക്ഷ്യംവഹിച്ചത്. ജനുവരി 26 ന് 12 മണിക്ക് ട്രാക്ടർ റാലി തുടങ്ങാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ അപ്രതീക്ഷിതമായി ഒരു വിഭാഗം കർഷകർ ഡൽഹി ലക്ഷ്യമാക്കി എത്തുകയായിരുന്നു. ട്രാക്ടർ റാലിയുമായി ഡൽഹിയിലെത്തിയ കർഷകരെ പൊലീസും കേന്ദ്രസേനയും തടഞ്ഞു. ചെങ്കോട്ടയും ഡൽഹി ഐ.ടി.ഒയും കർഷകർ കീഴടക്കി. ഡൽഹിയുടെ മിക്കഭാഗങ്ങളിലും കർഷകരും പൊലീസും ഏറ്റുമുട്ടി. കർഷകർക്ക് മേൽ ലാത്തിച്ചാർത്തും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒരു കർഷകന് ജീവൻ നഷ്ടമായി. പഞ്ചാബ് നടൻ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയതെന്നും സംഘർഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരത്തിൽ പങ്കെടുത്തതെന്നും കർഷകർ ആരോപിച്ചിരുന്നു. റിപബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും കേന്ദ്രസർക്കാറുമാണെന്നും ആരോപിച്ച് കർഷകർ രംഗത്തെത്തിയിരുന്നു.
കർഷക സമരത്തിലെ മറ്റൊരു മറക്കാനാകാത്ത സംഭവമായിരുന്നു ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല. ഒക്ടോബർ മൂന്നിനായിരുന്നു ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ രാജ്യത്തെ നടുക്കിയ കർഷക കൂട്ടക്കൊല നടന്നത്. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു കർഷകർ. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന എസ്.യു.വി ഈ കർഷകർക്ക് ഇടയിലേക്ക് ഓടിച്ചുകയറ്റി. നാല് കർഷകർക്ക് ഉൾപ്പെടെ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഒരു മാധ്യമപ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടു. വൻ പ്രതിഷേധങ്ങൾക്കായിരുന്നു രാജ്യം പിന്നീട് സാക്ഷ്യം വഹിച്ചത്. കേന്ദ്രസർക്കാറിനും യു.പി സർക്കാരിനുമെതിരെ പ്രതിഷേധം കടുത്തതോടെ യു.പി പൊലീസ് ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി അറസ്റ്റ് ചെയ്തു.
700 കർഷകരോട് ആര് മാപ്പുപറയും?
ഒരു ക്ഷമാപണത്തോടെ നിയമം പിൻവലിക്കുമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ പ്രസംഗ കത്തിക്കയറലിനിടെ ഒരു മാപ്പ് പറഞ്ഞാൽ തീരുന്നതല്ല കർഷക വേദിയിൽ മരിച്ചുവീണ 700 പേരോടുള്ള സർക്കാരിന്റെ ഉത്തരവാദിത്വം. ഒരു വർഷത്തിനിടയിൽ 700ഓളം കർഷകരാണ് കൊടും തണുപ്പിലും കൊടും ചൂടിലും മഴയത്തും മരിച്ചത്. നേരത്തെ വിവാദ നിയമങ്ങൾ പിൻവലിച്ചിരുന്നെങ്കിൽ ഇവരെല്ലാം ഇപ്പോഴും ജീവിച്ചിരുന്നേനെ. ഭരണകൂടം നടപ്പിലാക്കിയ തെറ്റായ തീരുമാനത്തിന്റെ ഇരകളാണ് ഈ കർഷകർ. അവർക്ക് നീതി കിട്ടണം. അവരെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ അത് ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടായി അവശേഷിക്കും.