രണ്ട് വർഷത്തോളം നീണ്ട അനിശ്ചിതത്വമാണ് സിനിമാ മേഖലയ്ക്ക് കൊവിഡ് കാലം സമ്മാനിച്ചത്. ആദ്യതരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്നിരുന്നെങ്കിലും കൊവിഡ് രണ്ടാംതരംഗത്തിൻറെ വരവോടെ അടയ്ക്കേണ്ടി വന്നു. ഇപ്പോൾ വീണ്ടും തുറന്ന തിയറ്ററുകളിലേത്ത് വിവിധ ഭാഷാ സിനിമകളിൽ നിന്ന് ജനപ്രിയ ചിത്രങ്ങൾ എത്തിയതോടെ രാജ്യമെങ്ങും തിയറ്റർ വ്യവസായം പ്രതീക്ഷയിലാണ്. രണ്ട് വർഷത്തോളം പെട്ടിയിലിരുന്ന ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട് എന്നതിനാൽ അനേകം ചിത്രങ്ങളാണ് വ്യത്യസ്‍ത ഭാഷകളിലായി നിലവിൽ റിലീസ് തീയതി കാത്തിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ പല വൻ ചിത്രങ്ങൾക്കും സോളോ റിലീസ് ലഭിക്കില്ല എന്നതും വസ്‍തുതയാണ്. ഇതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് ട്വിറ്ററിൽ സിനിമാപ്രേമികൾക്കിടയിൽ നിലവിൽ ചർച്ചയായിരിക്കുന്നത്.
രണ്ട് ഭാഷകളിൽ നിന്നുള്ളതെങ്കിലും പാൻ ഇന്ത്യൻ റിലീസ് പ്ലാൻ ചെയ്‍തിട്ടുള്ള രണ്ട് വൻ ചിത്രങ്ങൾ ഒരേദിവസം റിലീസിന് തയ്യാറെടുക്കുകയാണ്. യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്‍ത കന്നഡ ചിത്രം ‘കെജിഎഫ് ചാപ്റ്റർ 2’ (KGF Chapter 2), ആമിർ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്‍ത ഹിന്ദി ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ (Laal Singh Chaddha) എന്നിവയാണ് ഒരേ ദിവസം റിലീസിനൊരുങ്ങുന്നത്. മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതികൾ മാറ്റേണ്ടിവന്ന ചിത്രങ്ങളാണ് ഇവ രണ്ടും. 2020 ഒക്ടോബർ 23 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച കെജിഎഫ് 2 പലകുറി മാറ്റി 2022 ഏപ്രിൽ 14 എന്ന തീയതി പ്രഖ്യാപിച്ചത് ഓഗസ്റ്റ് മാസത്തിലാണ്. ഇതേദിവസം തന്നെ ആമിറിൻറെ ലാൽ സിംഗ് ഛദ്ദയും എത്തുമെന്ന പ്രഖ്യാപനം ഇന്നാണ് വന്നത്.
ആമിറിൻറെ പല വിജയ ചിത്രങ്ങളും മുൻപ് ക്രിസ്‍മസ് റിലീസുകളായാണ് എത്തിയിട്ടുള്ളത്. അതേ മാതൃക പിന്തുടർന്ന് ഈ വർഷത്തെ ക്രിസ്‍മസ് റിലീസ് ആയി ചിത്രം എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം ക്രിസ്‍മസിന് എത്തില്ലെന്നും അടുത്ത വർഷം വാലൻറൈൻസ് ദിനമായ ഫെബ്രുവരി 14ന് എത്തുമെന്നും സെപ്റ്റംബറിൽ ആമിർ ഖാൻ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിരുന്നു. ഈ തീയതിയാണ് വീണ്ടും മാറ്റിയിരിക്കുന്നത്. ടോം ഹാങ്ക്സ് നായകനായി 1994ൽ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിൻറെ റീമേക്ക് ആണ് ലാൽ സിംഗ് ഛദ്ദ. അതുൽ കുൽക്കർണിയുടേതാണ് തിരക്കഥ . കരീന കപൂർ, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം കന്നഡ സിനിമയെ വിജയത്തിൻറെ പുതിയ തലത്തിലേക്ക് ഉയർത്തിയ 2018 ചിത്രം കെജിഎഫിൻറെ സീക്വൽ ആണ് കെജിഎഫ് 2.