സ്കൈഫൈ സിനിമകളിലും കഥകളിലും മറ്റും കേട്ട് മാത്രം ശീലമുള്ള പ്ലാനറ്ററി ഡിഫന്‍സ് മെക്കാനിസം ( ഭൌമ പ്രതിരോധ സംവിധാനം) യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്.
കേട്ട പാതി അവഞ്ചേഴ്സ് സിനിമയും അള്ട്രോണുമൊന്നും ആലോചിക്കേണ്ടതില്ല. ഭൂമിയില്‍ സര്‍വനാശം വിതയ്ക്കാന്‍ സാധ്യതയുള്ള ക്ഷുദ്രഗ്രഹങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കുന്നതാണ് പദ്ധതി. നാസയും എലോണ്‍ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നാണ് ഛിന്നഗ്രഹങ്ങളുടെ ഭീഷണിയില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. അതില്‍ ആദ്യഘട്ട പരീക്ഷണമാണ് ഡാര്‍ട്ട് പദ്ധതി. ഛിന്നഗ്രഹങ്ങളിലേക്ക് കൃത്രിമോപഗ്രഹങ്ങള്‍ ഇടിച്ചിറക്കി അവയുടെ ദിശ മാറ്റാനാകുമോയെന്ന് മനസിലാക്കാനാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.
ഛിന്നഗ്രഹങ്ങള്നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്ത് കൂടി കടന്ന് പോകാറുണ്ട്. ഇവ ഉയര്‍ത്തുന്ന ഭീഷണികള്‍ എക്കാലത്തും ശാസ്ത്ര ലോകത്തെ തീപിടിച്ച ചര്‍ച്ചകളും ആണ്. 2019 മുതല്‍ സ്പേസ്എക്സും നാസയും ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്. സാറ്റലൈറ്റും ഛിന്നഗ്രഹവും കൂട്ടിയിടിച്ചാല്‍ എന്ത് സംഭവിക്കും എന്ന് മനസിലാക്കാനാണ് പഠനം. കൂട്ടിയിടി മൂലം ഛിന്നഗ്രഹത്തിന്റെ ഗതിയില്‍ മാറ്റം വരുമോ എന്നതാണ് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഉത്തരം നല്കാന് തയ്യാറെടുക്കുകയാണ് നാസ. ഇങ്ങനെ ദിശ മാറ്റാന്‍ കഴിയുമെന്ന് പരീക്ഷണ ഫലങ്ങള്‍ തെളിയിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ വികസിതമായ ഭൌമപ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും.
ഡിഎആര്‍ടി
ഇതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് അഥവാ (ഡിഎആര്‍ടി). ദീദിമോസ് എന്ന് വിളിക്കുന്ന ( ബൈനറി ) ഇരട്ട ഛിന്നഗ്രഹങ്ങളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ട് ഛിന്നഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ദീദിമോസ് സിസ്റ്റം. നാസയും സ്പേസ് എക്സും ഈ രണ്ട് ഛിന്നഗ്രഹങ്ങളെ ഡിഡിമോസ് എ എന്നും ഡിഡിമോസ് ബി എന്നും വിളിക്കുന്നു. 160 മീറ്റര്‍ വലിപ്പമുള്ള ദീദിമോസ് ബി, 780 മീറ്റര്‍ വലിപ്പമുള്ള ദീദിമോസ് എയെ പരിക്രമണം ചെയ്യുന്നു. ഈ ബൈനറി ഛിന്നഗ്രഹം 2022 ലും 2024 ലും സുരക്ഷിതമായി ഭൂമിയെ കടന്നുപോകുമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവ നമ്മുടെ ഗ്രഹത്തിന് അപകടം സൃഷ്ടിക്കുന്ന പാതയില്‍ അയിരുന്നില്ല. ഇത് തന്നെയാണ് ഉപഗ്രഹം ഉപയോഗിച്ചുള്ള കൂട്ടിയിടിയുടെ ആഘാതം പരിശോധിക്കാന്‍ സിസ്റ്റത്തെ മികച്ചതാക്കുന്നത്.
സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി സ്പേസ്എക്സ് ട്വിറ്ററില്‍ അറിയിച്ചു. നിശ്ചയിച്ച പ്രകാരം പദ്ധതി മുന്നോട്ട് പോകുകയാണെങ്കില്‍ 23ന് സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ – 9 റോക്കറ്റ് ഉപയോഗിച്ച് ഡാര്‍ട്ട് സാറ്റലൈറ്റ് വിക്ഷേപിക്കപ്പെടും. നവംബര്‍ 23 രാത്രി 10:21 ന് ( ഇന്ത്യന്‍ സമയം ഏകദേശം 11:50 എഎം ) ആണ് ഉപഗ്രഹം വിക്ഷേപിക്കപ്പെടുക. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ഭൂമിയില്‍ നിന്നും 1.1 കോടി കിലോമീറ്റര്‍ അകലെ വച്ചാവും ഡാര്‍ട്ട് പേടകവും ഛിന്നഗ്രഹവും കൂട്ടിയിടിക്കുക. ഇടിയോടെ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ മാറ്റം വരുത്തുകയാണ് ലക്ഷ്യം