തിരുവനന്തപുരം: ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവർക്കാണ് സംവരണ ആനുകൂല്യം ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും സംവരണം അട്ടിമറിക്കുന്നില്ല. വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ആനുകൂല്യത്തിലെ വേര്‍തിരിവെന്ന് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുത്. എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യമാണ് ലക്ഷ്യം. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവരെ ഒന്നിപ്പിക്കുകയാണ് എല്‍ഡിഎഫിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുന്നാക്ക സമുദായങ്ങളിലെ (സംവരേണതര വിഭാഗം) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാനും അപഗ്രഥിക്കാനും ആവശ്യമായ വിവരശേഖരണത്തിനുമുള്ള സാമൂഹ്യ സാമ്പത്തിക സർവേയുടെയും സംസ്ഥാനതല പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംവരണത്തെ വൈകാരിക പ്രശ്നമായി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്.
ബാക്കി വരുന്ന 50 ശതമാനത്തിലെ പൊതുവിഭാഗത്തിലെ പാവപ്പെട്ട പത്ത് ശതമാനത്തിന് പ്രത്യേക പരിഗണ നൽകുന്ന നിലയാണ് ഇപ്പോൾ വരിക. ഇതൊരു കൈത്താങ്ങാണ്. ആദ്യം പറഞ്ഞ 50 ശതമാനം സംവരണം തുടരുക തന്നെ ചെയ്യും. പത്ത് ശതമാനം സംവരണം നൽകുന്നത് സംവരണ വിരുദ്ധനിലപാടായി കാണരുത്. സംവരേണത വിഭാഗത്തിൽ പെട്ട പലരും സാമ്പത്തികമായി വലിയ തോതിൽ വിഷമം അനുഭവിക്കുന്ന അവസ്ഥയിലാണ്. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവർക്കാണ് ഈ സംവരണ ആനുകൂല്യം ലഭിക്കുന്നത്.
എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന നയമാണ് സംവരണത്തിന്‍റെ കാര്യത്തിലും എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലുള്ള സംഘർഷമല്ല, അവരെ പരസ്പരം യോജിപ്പിച്ച് കൊണ്ട് സാമൂഹികവും സാമ്പത്തികവുമായ അവശതകൾക്ക് എതിരെയുള്ള പൊതുവായ സമരനിരയാണ് രാജ്യത്ത് ഉയർന്നുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.