മലപ്പുറം: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി ഉടനെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇന്നത്തെ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ അച്ചടക്ക നടപടി തീരുമാനിക്കും. സംസ്ഥാന ഭാരവാഹികളും എംഎൽഎമാരും പങ്കെടുക്കും.
12 നിയമസഭാ മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. ഒരു എംഎൽഎയും സംസ്ഥാന ഭാരവാഹിയുമുൾപ്പെട്ട 12 കമ്മിഷനുകളെയാണ് പരാജയം പഠിക്കാൻ നിയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ആറ് മാസത്തിന് ശേഷമാണ് തോൽവിയുടെ കാരണം ചർച്ചചെയ്യുന്നത്.
അതേസമയം, ലീഗിൻ്റെ തോൽവിക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രധാന കാരണക്കാരനെന്നാണ് സംസ്ഥാന ഭാരവാഹികളടക്കം പറഞ്ഞിരുന്നത്. പരാജയത്തെ തുടർന്ന് ജൂണിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലായിരുന്നു നിശിത വിമർശം. എന്നാൽ പിന്നീട് ചേർന്ന പ്രവർത്തകസമിതി ഇതു തള്ളി.