അലഹബാദ്: ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്. ഏകീകൃത സിവില്‍ കോഡ് വേഗം നടപ്പിലാക്കണം എന്നും സുപ്രിംകോടതി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശം. ആര്‍ട്ടിക്കിള്‍ 44ഉം ആയി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സുനീത് കുമാറിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ന്യൂനപക്ഷ സമുദായത്തിൻ്റെ ഭയം മാത്രം കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ ആകില്ല. മിശ്രവിവാഹിതരായവരെ കുറ്റവാളികളായി വേട്ടയാടാതിരിക്കാന്‍ ഈ നിയമം നടപ്പിലാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഇന്ത്യയില്‍ ഉടനീളം ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.