ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷക സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുടെ യോഗം വിളിച്ചേക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്‍ അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പാസാക്കാനാണ് നീക്കം.
ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരെ സമരം അവസാനിപ്പിച്ച് മടക്കി അയക്കുകയാണ് കേന്ദ്രത്തിൻ്റെ അടുത്ത നീക്കം. കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗിക ആശയ വിനിമയം ഇന്നലെ തന്നെ ആരംഭിച്ചു. താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പുവേണമെന്നും ഇലക്ട്രിസിറ്റി ബില്ലിലെ കര്‍ഷക വിരുദ്ധ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള ഒരു യോഗം വിളിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് കര്‍ഷക സംഘടനകളുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിക്കുക. കര്‍ഷക സംഘടനകള്‍ സംയുക്തമായി യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കിയതിനുശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കും. സമാന്തരമായി പാര്‍ലമെന്റ് സമ്മേളനത്തിന് നിയമം പിന്‍വലിക്കാനുള്ള നടപടികളും ഇതിനകം കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കൃഷിമന്ത്രാലയത്തിലെ സീനിയര്‍ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങി. തുടര്‍ന്ന് മന്ത്രിസഭാ യോഗം പാസാക്കി പാര്‍ലമെന്റിൻ്റെ മേശപ്പുറത്ത് വയ്ക്കും.