തിരുവനന്തപുരം : കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടല്‍ ഭീഷണിയും നേരിടുന്ന പശ്ചിമഘട്ട മേഖലയിലെ എല്ലാ നീര്‍ച്ചാല്‍ ശൃംഖലകളും ശുചിയാക്കി സുഗമമായ നീരൊഴുക്ക് വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ കര്‍മ്മസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹകരണത്തോടെ സംഘടിപ്പിച്ചുവരുന്ന നീര്‍ച്ചാല്‍ ശുചീകരണ യജ്ഞം ‘ഇനി ഞാനൊഴുകട്ടെ” കാമ്പയിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് നീര്‍ച്ചാല്‍ ശൃംഖലകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാന്‍ ഹരിതകേരളം മിഷനും ശുചിത്വ മിഷനും വിവിധ വകുപ്പുകളുടേയും സംസ്ഥാന ഐ.ടി. മിഷന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പദ്ധതി ആദ്യഘട്ടത്തില്‍ 300 പഞ്ചായത്തുകളില്‍ നടപ്പാക്കും. തുടര്‍ന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനുപുറമെ ദ്രവമാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മാലിന്യ സംസ്‌കരണത്തിലൂടെ ഉണ്ടാക്കുന്ന വളം സംസ്ഥാനത്തെ കൃഷിക്ക് വ്യാപകമായി ഉപയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തും. തരിശുരഹിത പഞ്ചായത്ത്, ഹരിതസമൃദ്ധി വാര്‍ഡ് എന്നീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.
കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തുകള്‍ സൃഷ്ടിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല, ഇണഞഉങ, ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെ ശാസ്ത്രീയ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനും കര്‍മ്മസമിതി യോഗം തീരുമാനിച്ചു. മാര്‍ഗ്ഗരേഖയെ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പരിശീലനം നല്‍കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. നവകേരളം കര്‍മ്മസമിതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ, തദ്ദേശ ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുതലവന്‍മാരും ആസൂത്രണ ബോര്‍ഡിലെ വിദഗ്ധരും കര്‍മ്മസമിതി യോഗത്തില്‍ പങ്കെടുത്തു.: