കണ്ണൂർ; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍, ജീവിതശൈലി രോഗങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രി ഒ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രികള്‍ ജനസൗഹൃദവും രോഗീ സൗഹൃദവുമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മികച്ച ചികിത്സക്കൊപ്പം വ്യക്തികളുടെ രോഗപ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിലേ രോഗപ്രതിരോധശേഷിയുള്ള സമൂഹമായി നമ്മള് മാറൂ.
സമൂഹ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കും. ഇതില്‍ ആയുര്‍വ്വേദത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ചികിത്സാരീതിയെന്നതിനപ്പുറം ഒരു ജീവിതരീതിയും സംസ്കാരവുമാണ് ആയുര്‍വ്വേദം. മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ക്കൊപ്പം ആയുര്‍വ്വേദത്തിനും പ്രാധാന്യം നല്കി മുന്നോട്ട് പോവുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കല്ല്യാട് ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ഏഷ്യയിലെ തന്നെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടായി ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തെ ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് നിയന്ത്രണവിധേയമാണ്. എന്നാല്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുത്. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസര്‍ പ്രതിരോധം എന്നിവ തുടരുക തന്നെ വേണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.