ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പതുപേർ മരിച്ചു. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടത് മുന്നറിയിപ്പ് അവഗണിച്ച് വീടിനുള്ളില്‍ കഴിഞ്ഞവരാണ്. മേഖലയിൽ കനത്ത മഴ തുടരുകയാണ്.
ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്. സമീപത്തെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. പാലാർ നദി തീരത്തെ വീടാണ് അപകടത്തിൽ തകർന്നത്. കനത്ത മഴയിൽ നദി കരകവിഞ്ഞ സാഹചര്യത്തിൽ ഇവിടെ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
റവന്യൂ വകുപ്പിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് മാറാൻ കൂട്ടാക്കാത്ത കുടുംബമാണ് ഇപ്പോൾ അപകടത്തിൽ പെട്ടത്. സംഭവത്തിൽ 9 പേർക്ക് പരുക്കുപറ്റി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.