അമിത വ്യായാമം ശരീരത്തിന് സമ്മർദ്ദവസ്ഥയാണ് കൊടുക്കുന്നത്.നന്നായി വിയർക്കട്ടെ എന്ന് കരുതി അധികം വ്യായാമം ചെയ്യുന്നത് ദോഷകരമാണ്.കൂടാതെ,ഈ സമയം കോർട്ടിസോളിന്റെ അളവ് കൂടുകയും ചെയ്യും.ശാരീരിക വ്യായാമത്തെ കുറിച്ച് പരിഗണിക്കുമ്പോൾ മേലനങ്ങാതെ ഇരിക്കുന്നതിന്റേയും ഒട്ടും വ്യായാമം ചെയ്യാത്തതിന്റേയും അനന്തരഫലങ്ങളെക്കുറിച്ചാണ് ഒരുപാടു സംസാരിച്ചു കേട്ടിട്ടുള്ളത്.
ഇവിടെ മറ്റൊരു അരങ്ങേറ്റത്തെ കുറിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്,അധികമായാല്‍ അമൃതും വിഷം എന്നു പറയാറുള്ളത് വ്യായാമത്തിന്റെ കാര്യത്തിലും ശരിയാണ്. ഒട്ടും വ്യായാമമില്ലാതെ ഇരിക്കുന്നതുകൊണ്ടു ദോഷഫലങ്ങളുള്ളതുപോലെ അമിത വ്യായാമം കൊണ്ടു വരാവുന്ന മറ്റൊരു കൂട്ടം പ്രശ്‌നങ്ങള്‍ കൂടിയുണ്ട്.
ശരിയായ രീതിയില്‍ ചെയ്യുമ്ബോഴേ ഏതു ചലനവും ഒരു ഔഷധമായി പരിഗണിക്കപ്പെടാനാകൂ.
ഇന്റഗ്രേറ്റീവ്, ലൈഫ്‌സ്‌റ്റൈല്‍ മെഡിസിനില്‍, ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല് തൂണുകളില്‍ ഒന്ന് പര്യാപ്തമായ വ്യായാമം അഥവാ ചലനമാണ്. ഇവിടെയുള്ള ‘പര്യാപ്തമായ’ എന്ന വാക്കിനാണ് നിങ്ങള്‍ ഏറെ ശ്രദ്ധ നല്‍കേണ്ടതുള്ളതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.വ്യായാമമോ ചലനമോ തീര്‍ച്ചയായും രക്തചംക്രമണം മെച്ചപ്പെടുത്താനും വിഷവസ്തുക്കളെ അകറ്റുന്ന ശരീരത്തിലെ മാലിന്യ നിര്‍മാര്‍ജന യൂണിറ്റ് ആയ ലിംഫാറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നുണ്ട് എന്നതു ശരിയാണ്.
എന്നാല്‍ അമിതപരിശീലനം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തളര്‍ത്തുകയും നിങ്ങളുടെ ഹൃദയത്തെ ആയാസപ്പെടുത്തുകയും ചെയ്യുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതേസമയം, വ്യായാമം അപര്യാപ്തമായ തോതിലായെന്ന പോലെ അമിതവ്യായാമവും ശാരീരികാരോഗ്യത്തെ വികലമാക്കുകയും ഹൃദയത്തില്‍ അധികസമ്മര്‍ദം ഏല്‍പിക്കുകയും ചെയ്യുന്നുണ്ട്.അമിതമായ വ്യായാമം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് ഈയിടെ അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വെളിവായിട്ടുണ്ട്.
പലര്‍ക്കും ഈ കണ്ടെത്തല്‍ ഒരു ഞെട്ടലിന് കാരണമായേക്കാം. ഒരുപാടുകാലത്തെ ശാരീരിക നിഷ്‌ക്രിയത്വത്തെയാണ് കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍ക്കു കാരണമായി സാധാരണ ചൂണ്ടിക്കാണിക്കാറുള്ളത്. എന്നാല്‍ ദീര്‍ഘകാലം തീവ്ര ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ മധ്യവയസ്സിലെത്തുമ്ബോഴേക്കും കൊറോണറി ആര്‍ടെറി കാല്‍സിഫിക്കേഷന് (സിഎസി) അടിപ്പെടാന്‍ ഏറെ സാദ്ധ്യതയുണ്ട് എന്നാണ് ഈ പഠനത്തിലെ കണ്ടെത്തലുകളില്‍ നിന്നുള്ള നിഗമനം.
ദൃഢവും ബലവത്തുമായ പേശികളോടുകൂടിയ ശരീരത്തിനുടമകളായവരും വ്യായാമത്തില്‍ അതീവതല്‍പരരുമായ, മദ്ധ്യവയസ്സിലെത്തിയവരോ യുവാക്കളോ ആയ പലരും പെട്ടെന്ന് ഹൃദയാഘാതമോ മസ്തിഷ്‌കാഘാതമോ വന്നു മരിക്കുന്നതെന്തുകൊണ്ട് എന്നതിന് ഒരു വിശദീകരണമായേക്കാം ഈ പഠനം. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ കാലത്ത് ഇങ്ങനെ ഇത്തരത്തില്‍ ആളുകള്‍ മരിക്കുന്ന വാര്‍ത്ത അസാധാരണമല്ലാതായി തീര്‍ന്നിരിക്കുന്നു. വലിയ ഞെട്ടലോടു കൂടിയാണ് നമ്മളെല്ലാവരും ഇതേപ്പറ്റി കേള്‍ക്കുന്നത്. എന്നാല്‍ നമ്മള്‍ അവരുടെ ജീവിതശൈലി എന്തെന്നു നോക്കുമ്ബോള്‍ അവരെല്ലാവരും ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ വൈകാരികമോ ആയ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുകയായിരുന്നുവെന്നു കാണാം.
തീര്‍ച്ചയായും നമ്മുടെ ഹൃദയാരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതിന് അനുപേക്ഷണീയമായ ഘടകമാണ് ശാരീരിക വ്യായാമം. പക്ഷേ അമിത വ്യായാമമാകട്ടെ ഹൃദയത്തെ ക്ലേശിപ്പിക്കും. ആവശ്യത്തിനു ഉറക്കമില്ലാതെ വരിക കൂടി ചെയ്താല്‍ കാര്യങ്ങള്‍ ഇരട്ടി വഷളാകും. വീണ്ടെടുപ്പാണ് എല്ലാം. ശരീരത്തിനു സ്വയം നന്നാക്കിയെടുക്കാനും സുഖപ്പെടുത്താനും സമയം നല്‍കുന്നില്ലെങ്കില്‍ ശരീരം അതിന്റെ പരിപൂര്‍ണതയില്‍ വര്‍ത്തിക്കുമെന്ന് എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാകുക?
നിര്‍ഭാഗ്യവശാല്‍, ഇന്ന് നിരവധി യുവതീയുവാക്കള്‍ അമിത വ്യായാമത്തിന്റെയും ഒട്ടും ഭക്ഷിക്കാതിരിക്കുന്നതിന്റേയും കെണിയില്‍ പെട്ടിരിക്കുന്നു. ഇത് അവരുടെ ശരീരത്തില്‍ ആഘാതമേല്‍പിക്കുന്നു.