ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ വിമർശിച്ച് പാകിസ്താൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. എം എസ് ധോണിയെപ്പോലെയാണ് താൻ പന്തിനെ കണ്ടിരുന്നതെന്നും ടി-20 ലോകകപ്പിൽ തന്നെ പന്ത് നിരാശപ്പെടുത്തിക്കളഞ്ഞെന്നും ഇൻസമാം പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇൻസമിൻ്റെ വിമർശനം.
“എനിക്ക് ഋഷഭ് പന്തിൽ ഒരുപാട് പ്രതീക്ഷയുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അവൻ നടത്തിയ പ്രകടനങ്ങൾ കാരണം ഞാൻ അവനെ ഏറെ ഉയരത്തിലാണ് കണ്ടിരുന്നത്. അവൻ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ കളിക്കുന്നത് ഞാൻ കണ്ടു. ധോണിയെപ്പോലെ ടോപ്പ് ഓർഡർ പരാജയപ്പെടുമ്പോൾ അവൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കുമെന്ന് ഞാൻ കരുതി. എന്നാൽ ലോകകപ്പിൽ അവൻ എൻ്റെ പ്രതീഷ കാത്തില്ല. ന്യൂസീലൻഡിനെതിരായ ടി-20യിലും അവൻ നിരാശപ്പെടുത്തി. സമ്മർദ്ദ ഘട്ടത്തിലാണ് അവൻ ക്രീസിലെത്തിയത്. എന്നാൽ മുൻപും അവൻ അവൻ സമ്മർദ്ദത്തിലായിട്ടുണ്ട്. അപ്പോഴൊക്കെ അവൻ അതിൽ നിന്ന് പുറത്തുകടന്നിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അതിനു കഴിയുന്നില്ല.”- ഇൻസമാം പറഞ്ഞു.
ന്യൂസീലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ ആവേശജയം കുറിച്ചിരുന്നു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ ടി-20യും കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര നേടാനാകും.