കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കാന്‍ വൈകിയതിന് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥനു വേണ്ടിയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥൻ്റെ നിര്‍ദേശ പ്രകാരമാണ് ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉടമ മാറ്റിയതെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നുവെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി.
ഹോട്ടലില്‍ ഉണ്ടായ തര്‍ക്കങ്ങളെ കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഇവിടെ വന്നത് കണ്ടെത്താനാകുമെന്നും ഇന്റലിജന്‍സ് സൂചിപ്പിക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കാന്‍ ഒമ്പത് ദിവസം വൈകിയത് വിവാദമായിരുന്നു. ഈ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നിര്‍ദേശ പ്രകാരമാണ് ഹോട്ടലുടമയുടെ ചോദ്യം ചെയ്യല്‍ നീണ്ടുപോയത്.
അതിനിടെ, ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 ന് സിനിമാ മേഖലയിലെ ചില പ്രമുഖരും ഹോട്ടലില്‍ തങ്ങിയതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു പ്രമുഖ സംവിധായകനും അന്ന് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പുതിയ ചിത്രത്തിൻ്റെ ചര്‍ച്ചയും അന്നേദിവസം അവിടെവെച്ച് നടന്നിരുന്നു. മോഡലുകളോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ക്ക് സംവിധായകനുമായി അടുപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.