ബീജിങ്: ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് പരിഗണിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. കായിക താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കത്ത രീതിയിൽ നയതന്ത്രതലത്തിൽ ഒളിമ്പ്ക്സ് ബഹിഷ്കരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു യുഎസ് പ്രസിഡന്‍റിന്‍റെ പ്രതികരണം. അടുത്ത വർഷം ഫെബ്രുവരിയിലാണ് ബീജിങ്ങിൽ ശീതകാല ഒളിമ്പിക്സ് നടക്കുന്നത്.
ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ്പിങ്ങുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചതിന് പിന്നാലെയാണ് ബൈഡന്‍റെ പ്രഖ്യാപനം. കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് ഇരു രാഷ്ട്രതലവൻമാരും പ്രതികരിച്ചിരുന്നു. എന്നാൽ ചൈനക്കെതിരെ നിലപാടെടുക്കാൻ ബൈഡന് മേൽ യുഎസിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിലപാടെടുക്കണമെന്നാണ് യുഎസിൽ നിന്നും ഉയരുന്ന ആവശ്യം. ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്ലിംകൾക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളിലടക്കം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം യുഎസിൽ നിന്നും ഉയരുണ്ട്.
ബീജിങ് ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വാഷിങ്ടൺ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കായികതാരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സർക്കാർ പ്രതിനിധികൾ വിട്ടുനിൽക്കുന്ന രീതിയാവും യുഎസ് സ്വീകരിക്കുക. എന്നാൽ ഇതുസംബന്ധിച്ച് ബൈഡനും ഷീ ജിങ്പിങ്ങും നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ് സൂചന.