ദൈഹരാബാദ്: ആന്ധ്രാപ്രദേശിൽ നാശം വിതച്ച് ന്യൂനമർദ്ദം. ആന്ധ്രപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. തീർഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും വെള്ളപ്പൊക്കമുണ്ടായി.
ആന്ധ്രപ്രദേശിലെ വിവിധ നഗരങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുപ്പതിയിൽ ഇറക്കേണ്ട പല വിമാനങ്ങളും വഴി തിരിച്ച് വിട്ടതായി വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. വെള്ളപ്പൊക്കബാധിത പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അധികാരികൾക്ക് നിർദ്ദേശം നൽകി.