തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂര്‍ണ്ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം.
ഇ ഓഫീസ് സംവിധാനത്തിലൂടെ വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാകും. ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്തുവാൻ കഴിയും. സെക്ഷൻ ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഇ-ഓഫീസിന് കീഴിലാകും.
ചീഫ് എഞ്ചിനീയർ ഓഫീസ് മുതൽ സെക്ഷൻ ഓഫീസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവിൽ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാകും. ഫയലുകൾ തപാലിൽ അയക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. വകുപ്പിനെ പേപ്പർ രഹിതമാക്കുവാനും ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.
മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയൽ നീക്കത്തിന് സാധാരണയായി ദിവസങ്ങൾ എടുക്കും. ഇ- ഫയൽ സിസ്റ്റത്തിൽ ഇത് പൂർണ്ണമായും ഒഴിവാക്കാം. ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെ എങ്കിലും തടസം നേരിട്ടാൽ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.