ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശബ്ദം’ (The voice of Indian football) എന്നറിയപ്പെടുന്ന പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ (Novy Kapadia) അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളം വീല്‍ചെയറിലായിരുന്നു കപാഡിയയുടെ ജീവിതം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
പ്രമുഖ കമന്റേറ്ററായ കപാഡിയ ഫുട്‌ബോളിനെ മാത്രമല്ല ക്രിക്കറ്റിനെയും ഹോക്കിയെയും പിന്‍തുടര്‍ന്നിരുന്നു. ഫുട്‌ബോളിന്റെയും ഫുട്‌ബോളേഴ്‌സിന്റെയും സുഹൃത്ത് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
നൂറു കണക്കിന് മല്‍സരങ്ങള്‍ക്ക് കമന്റേറ്ററായും നിരീക്ഷകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒമ്പത് ഫിഫാ ലോകകപ്പില്‍ പങ്കാളിയായിട്ടുണ്ട്. ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കമന്റേറ്ററായി.
ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ‘ബെയര്‍ഫൂറ്റ് റ്റു ബൂട്‌സ്’ എന്ന പുസ്തകം പ്രശസ്തമാണ്. 2014-ല്‍ ദി ഫുട്‌ബോള്‍ ഫനാടിക്‌സ് എസെന്‍ഷ്യല്‍ ഗൈഡ് ബുക്ക് എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം പുറത്തിറിക്കിയിട്ടുണ്ട്.
ഫുട്‌ബോളിനപ്പുറം മികച്ച അധ്യാപകന്‍ കൂടിയായിരുന്നു കപാഡിയ. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ ഇംഗ്ലീഷ് പ്രൊഫസറാണ്.