തിരുവനന്തപുരം: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വിവരം കളക്ട്രേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ട് തുറക്കുന്ന വിവരം റവന്യൂ മന്ത്രി അടക്കം അറിഞ്ഞതാണ്. ജനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നതായി റവന്യൂ മന്ത്രി അറയിച്ചിരുന്നു എന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
അണക്കെട്ട് തുറന്ന് ഏഴു, എട്ടു മണിക്കൂർ കൊണ്ടാണ് കേരളത്തിൽ ജലം എത്തിയത്. നിലവിൽ മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ജലനിരപ്പുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹര്യം ഇല്ലെന്ന് മന്ത്രി അറിയിച്ചു.
നേരത്തെ ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും പൊലീസിനേയും അറിയിച്ചെന്ന് തമിഴ്നാട് അധികൃതര്‍ പറഞ്ഞിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് വിശദീകരിച്ചു.
എന്നാല്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ഡാം തുറന്നതിനെ തുടർന്ന് അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയർന്നു. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, ആളിയാർ ഡാം തുറന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പാലക്കാട് തിരുനെല്ലായിയിൽ ഉപരോധ സമരം നടത്തിയിരുന്നു.