കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്ന് ഹോട്ടല്‍ ഉടമ റോയി വയലാട്ട്. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും റോയ് ആരോപിച്ചു. ഹാർഡ് ഡിസ്ക് നശിപ്പിച്ച സംഭവത്തിന് കേസുമായി ബന്ധമില്ലെന്നും റോയ് പറഞ്ഞു.
മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും.
തന്‍റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു.
സമയപരിധി കഴിഞ്ഞും ഹോട്ടലിൽ മദ്യം വിളമ്പിയെന്ന് പൊലീസ് പറഞ്ഞു. കായലിലേക്ക് ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞ് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.