വാഴപ്പഴം കഴിച്ച് തൊലി വലിച്ചെറിയേണ്ട. വാഴപ്പഴത്തിൻറെ തൊലി കൊണ്ട് കിടിലൻ ജൈവ വളം ഉണ്ടാക്കാം. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഈ മൂന്ന് പോഷകങ്ങളും ചെടികളുടെ വളർച്ചക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ജൈവ പൊട്ടാസ്യത്തിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് വാഴത്തോലുകൾ.
പൊട്ടാസ്യം കൂടാതെ, കാൽസ്യം, മാംഗനീസ്, സൾഫർ, മഗ്നീഷ്യം തുടങ്ങി വാഴത്തോലിൽ പൊതുവായ സസ്യ ആരോഗ്യത്തിന് വേണ്ട ചില സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴത്തിൻറെ തൊലി നേരിട്ട് മണ്ണിൽ അരിഞ്ഞ് ഇടാവുന്നതാണ്. മുട്ടത്തോട്, തേയില അവശിഷ്ടങ്ങൾ എന്നിവയുമായി ഇത് കലർത്തിയും വളമായി ഉപയോഗിക്കാം. വലിയ അളവിൽ വാഴത്തോൽ ലഭിക്കുകയാണെങ്കിൽ, അത് ഉണക്കിയും വളമായി ഉപയോഗിക്കാം.
ഇനി വാഴപ്പഴത്തോൽ വളം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
വൃത്തിയുള്ള പാത്രത്തിൽ വാഴത്തോൽ ഇട്ട്് വെള്ളം നിറച്ച് മൂടി വെക്കുക. മൂടി നന്നായി മുറുക്കി അടക്കണം. ഇതിൽ നിന്ന് രണ്ടാഴ്ച കഴിഞ്ഞാൽ വാഴപ്പഴത്തോൽ നീക്കം ചെയ്യുക. ഈ മിശ്രിതം 1:4 എന്ന അനുപാതത്തിൽ വെള്ളമൊഴിച്ച് നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക.
ഉപയോഗിച്ചുതുടങ്ങി പിറ്റേന്ന് മുതൽ ഫലം കണ്ടുതുടങ്ങുമെന്ന് കരുതരുത്. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഈ വളം ഉപയോഗിക്കണം.