ന്യൂഡൽഹി: തലസ്ഥാന നഗരയിലെ വായു മലിനീകരണത്തിൽ ഡൽഹിയുടെ സംഭാവന 31 ശതമാനം മാത്രമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ബാക്കി 69 ശതമാനം മലിനീകരണവും ഉണ്ടാകുന്നത് പുറത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥിതിയിൽ മലിനീകരണ തോത് കുറക്കുന്നത് പ്രയാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര ഏജൻസിയായ ‘സർഫർ’ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ സയൻസ് ആൻറ് എൻവിയോൺമെൻറ് തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് മന്ത്രിയുടെ പ്രതികരണം.
‘സഫർ’ പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി.എസ്.ഇ തയ്യാറാക്കിയ റിപ്പോർട്ട് പ്രാകരം ഒക്ടോബർ 24 മുതൽ നവംബർ എട്ടു വരെയുള്ള കാലയളവിൽ ഡൽഹിയിൽ ഉണ്ടായ വായു മലിനീകരണത്തിൽ 31 ശതമാനം മാത്രമാണ് ഡൽഹിയുടെ സംഭാവന. ബാക്കിയുള്ള 69 ശതമാനവും ഡൽഹിക്ക് പുറത്ത് നിന്നാണ്. ഈ റിപ്പോർട്ട് 2016ലെ ടി.ഇ.ആർ.ഐ റിപ്പോർട്ടുമായി സാമ്യമുണ്ട് -മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൻറെയും മോണിറ്ററിങ് ടീമിൻറയും കൂട്ടായ പരിശ്രമം ഇല്ലാതെ പുറത്തു നിന്നും വരുന്ന 70 ശതമാനത്തോളം മലിനീകരണം തടയാൻ കഴിയില്ലെന്നും ഡൽഹിയിലെ ജനങ്ങൾ നിരന്തരമായി മലിനീകരണത്തിന് ഇരയാകുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.
അതേസമയം, വായുവിൻറെ ഗുണ നിലവാര സൂചിക 376ൽ നിന്നും 362 ആയി കുറഞ്ഞിട്ടുണ്ട്. സർക്കാർ സംവിധാനം നവംബർ 21 വരെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയതായും ഇതേ കാലയളവ് വരെ നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും മന്ത്രി ഗോപാൽ റായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.