കോന്നി:കേരളത്തിന്റെ ചിറാപ്പുഞ്ചിയായി കോന്നി മാറുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മഴ ലഭിക്കാത്ത ദിവസങ്ങൾ ചുരുക്കം. തുടർച്ചയായും ശക്തമായും പെയ്യുന്ന മഴയിൽ മലയോര മേഖല ഭീതിയുടെ നിഴലിലാണ്. കാർഷിക മേഖലയിലും നിർമാണ മേഖലയിലും അടക്കം വലിയ നഷ്ടങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കുകയാണ് കോന്നിക്കാർ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വീടുകളുടെയും സംരക്ഷണ ഭിത്തികളുടെയും തകർച്ച, ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യം. ഇതുകൊണ്ടുതന്നെ കോന്നിയിലെ മഴ പ്രവചനങ്ങൾക്കപ്പുറത്തേക്കു പോകുകയാണ്.
ഇത്തവണത്തെ മഴയിൽ നെൽക്കൃഷി മേഖലയിൽ വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കോന്നിയിൽ കിഴക്കുപുറം, അട്ടച്ചാക്കൽ ഏലാകളിലായി 13 ഹെക്ടറിലാണ് നെൽക്കൃഷിയുള്ളത്. കഴിഞ്ഞയിടെയുണ്ടായ മഴയിൽ കിഴക്കുപുറം ഏലായിലെ ബണ്ട് തകർന്ന് 2 ഹെക്ടറിലെ വിതച്ച നെൽവിത്തുകൾ ഉൾപ്പെടെ ഒഴുകിപ്പോയി. അട്ടച്ചാക്കൽ ഏലാ പൂട്ടിയടിച്ചിട്ടെങ്കിലും മഴമൂലം വിതയ്ക്കാനായില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒക്ടോബറിൽ വിത്ത് വിതയ്ക്കേണ്ടതാണ്. മഴ തുടരുന്നതിനാൽ ഈ വർഷത്തെ കൃഷി ഏതാണ്ട് മുരടിച്ച നിലയിലാണ്.
പച്ചക്കറി കൃഷികളെല്ലാം താറുമാറായി. മിക്ക ഏലാകളിലും വെള്ളം കയറി കൃഷിയെല്ലാം പഴുത്തു നാശമായി. ഇളകൊള്ളൂർ ഏലായിലെ ബണ്ട് തകർന്ന് വെള്ളമൊഴുകി വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിച്ചു. അരുവാപ്പുലം, വകയാർ മേഖലയിൽ വൻതോതിൽ വാഴക്കൃഷി നശിച്ചു. അച്ചൻകോവിലാറിന്റെ തീരത്തെ കൃഷിയിടങ്ങളിൽ പലപ്പോഴായി ആറ്റിൽ നിന്നുള്ള വെള്ളം കയറിയിട്ടുണ്ട്. തോടുകൾ നിറഞ്ഞും പെയ്ത്തുവെള്ളം കെട്ടി നിന്നും ചെറുകിട കർഷകരുടെ ഉൾപ്പെടെ കൃഷികൾ നശിച്ചിട്ടുണ്ട്.