പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം (Aliyar Dam) തുറന്നുവിട്ടു. പാലക്കാട്ടെ (Palakkad) പുഴകളിൽ കുത്തൊഴുക്കാണ്. ചിറ്റൂർ പുഴ (Chittur river) നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവർക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം.
ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാർ ഡാം തുറന്നത്. അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ലെന്നാണ് പരാതി. എന്നാൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്നലെത്തന്നെ വിവരം കൈമാറിയെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. സെക്കൻറിൽ ആറായിരം ക്യൂസെക്സ് വെള്ളം തുറന്നുവിടുമെന്ന് ഇന്നലെ തന്നെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്.
അതേസമയം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി ഡാമിൻറെ മൂന്നാം നമ്പർ ഷട്ടറാണ് തുറന്നത്. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കൻറിൽ 40000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിൽ പുഴ മുറിച്ച് കടക്കുന്നതും മീൻപിടുത്തവും നിരോധിച്ചിട്ടുണ്ട്.