ശ്രീനഗർ: ശ്രീനഗറിൽ (Srinagar) സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് വ്യവസായികൾ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം (magisterial inquiry) പ്രഖ്യാപിച്ചു. എഡിഎം റാങ്കലുള്ള ഉദ്യോഗസ്ഥൻ സംഭവത്തിൽ അന്വേഷണം നടത്തും. ലഫ്.ഗവർണറാണ് ഈക്കാര്യം അറിയിച്ചത്. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെയാണ് മജിസ്റ്റീരിയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു.
ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ ഡോ. മുദാസിർ ഗുൽ, അൽതാഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ഭീകരരെ സഹായിച്ചവരാണെന്നാണ് ജമ്മു കശ്മീർ പൊലീസ് പറയുന്നത്. ഇരുവർക്കും ഏറ്റുമുട്ടൽ നടന്ന ഹൈദർപോറയിലെ വാണിജ്യ സമുച്ചയത്തിൽ കടകളുണ്ടായിരുന്നു. ഇവിടെ പ്രവർത്തിക്കുന്ന കോൾ സെൻറർ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട വ്യവസായികളുടെ കുടുംബം പൊലീസ് നടപടിക്ക് എതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം കശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ ഇന്നലെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗോപാൽപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ടിആർഎഫിൻറെ കമാൻഡർ അഫാഖിനെ സൈന്യം വധിച്ചു. മേഖലയിൽ സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി.
പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് സ്ഫോടകവസ്‍തുക്കളും ആയുധങ്ങളും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു. ബാരാമുള്ളയിൽ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. ഉറിയിൽ വനമേഖലവഴി നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകർത്തു.