ടെക്‌സാസ്: മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെൻററിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂസ് ആണ് കൊല്ലപ്പെട്ടത്. 56 വയസായിരുന്നു. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ അമേരിക്കക്കാരനാണ് വെടിയുതിർത്തത്.
ഉച്ചക്ക് 1.40നായിരുന്നു സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡാലസ് കൗണ്ടിയിൽ മാസ്കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം.
കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ൽ കുവൈത്തിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മെസ്‌ക്വിറ്റിൽ ഈയിടെയാണ് വിക്ടോറിയ എന്ന പേരിൽ സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്. സംഭവത്തിൽ ആരെയും ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല.