കുമളി : മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും തുറന്നു. രാവിലെ എട്ട് മണിക്ക് അണക്കെട്ടിലെ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ തുറന്ന് 772 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിയത്.രാവിലെ ഏഴു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141 അടിയാണ്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് എത്തിയതോടെ രണ്ടാമത്തെ മുന്നറിയിപ്പ് ഇന്നലെ തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചിരുന്നു. നിലവിൽ വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് ഒഴുക്കുന്നത്.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് ജാഗ്രത നിർദേശം നൽകി. പെരിയാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. മുല്ലപ്പെരിയാർ തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.നവംബർ മൂന്നിന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ആറ് സ്പിൽവേ ഷട്ടറുകൾ 60 സെന്‍റീമീറ്റർ വീതം ഉയർത്തി വെള്ളം ഒഴുക്കിയിരുന്നു. 3005 ഘനയടി വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്ന് അന്ന് ഒഴുക്കി വിട്ടത്.