ജയ്പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനു ഇറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ന്യൂസീലന്‍ഡിനുവേണ്ടി ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്റ്‌നര്‍, സൗത്തി, മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി.