ന്യൂഡൽഹി: ഇഡി ഡയറക്ടർ ( enforcement directorate ) എസ് കെ മിശ്രയുടെ ( director sanjay kumar mishra ) കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 2022 നവംബർ 18വരെയാണ് കാലാവധി നീട്ടി നൽകിയത്. സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി ഓർഡിനൻസ് പുറത്തിറക്കി ദിവസങ്ങൾക്കകമാണ് കേന്ദ്രത്തിന്റെ നടപടി.
2018 നവംബർ 19നാണ് എസ് കെ മിശ്ര ഇഡി ഡയറക്ടറായി ചുമതലയേറ്റത്. ഈ മാസം 18ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.
നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാർ ഓര്‍ഡിനന്‍സ് ഇറക്കിയത്. രണ്ട് വർഷം വരെയായിരുന്നു ഡയറക്ടർമാരുടെ കാലാവധി.
കേന്ദ്ര സര്‍ക്കാരില്‍ അഡീഷണൽ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്.