ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നീ ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി.
ലഷ്കര്‍-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ടിആര്‍എഫിന്റെ കമാൻഡർ അഫാഖ് സിക്കന്തറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഗോപാൽപ്പോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
പുൽവാമയിൽ രണ്ട് ഭീകരർ പിടിയിലായെന്നും പൊലീസ് അറിയിച്ചു. അമിർ ബാഷീർ, മുക്താർ ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. പതിവ് പരിശോധനകൾക്കിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. രണ്ട് കുഴിബോംബുകളും ഇവരിൽ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.