തിരുവനന്തപുരം; കേരളത്തിലെ ക്യാമ്പസുകളിൽ സമഭാവനയുടെയും സമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘സമഭാവനയുടെ സത്കലാശാലകൾ’, എന്ന ദ്വിദിന സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവകേരള കർമ്മ പദ്ധതിയിലൂടെ സമൂലവും സമഗ്രവുമായ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.ഒരു ജ്ഞാന സമൂഹമായി കേരളത്തെ മാറ്റിയെടുക്കുന്നതിനോടൊപ്പം ക്യാമ്പസുകളിലും സമൂഹത്തിലും ലിംഗപരവും സാമൂഹികവും സാമ്പത്തികവുമായ വിവേചനം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത് മുൻനിർത്തി എല്ലാ ക്യാമ്പസുകളിലും ജൻഡർ ജസ്റ്റിസ് ഫോറങ്ങൾ ഉണ്ടാകണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിദ്രുത പുരോഗതിയോടൊപ്പം പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ഇത്തരം പ്രവർത്തനങ്ങളിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപകർക്ക് വലിയ ഇടപെടലുകൾ നടത്താൻ കഴിയും. സമൂഹത്തിൽ ഇപ്പോഴും ലിംഗവിവേചനം നിലനിൽക്കുന്നുണ്ട്. സ്ത്രീധനം അതിന് മുഖ്യ കാരണമാണ്.
സ്ത്രീകൾ എങ്ങനെ പെരുമാറണമെന്നുള്ള ചില അലിഖിത നിയമങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. ധീഷണാപരമായ കഴിവുകൾ പെൺകുട്ടികളിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. നയരൂപീകരണത്തിൽ സ്ത്രീകൾക്ക് വേണ്ടത്ര സാന്നിധ്യം ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.