തിരുവനന്തപുരം : രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമര സേനാനിയും തൊഴിലാളി വർഗ്ഗ നേതാവുമായ എ.കെ.ജിയുടെ ജീവിതകഥ കഥാപ്രസംഗവേദിയിൽ പുതിയ ശൈലിയോടെ എത്തുന്നു. പ്രൊഫ. ചിറക്കര സലിംകുമാറും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും.
അവതരണത്തിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആശംസാ സന്ദേശം നൽകും. കഥാപ്രസംഗകലയുടെ കുലപതി പ്രൊഫ. വി. സാംബശിവന്റെ ശബ്ദരേഖ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള അവതരണത്തിന് മുന്നോടിയായി പുനഃരവതരിപ്പിക്കും. ഉദ്ഘാടനവേളയിൽ ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. കെ. ഓമനക്കുട്ടി, പ്രമോദ് പയ്യന്നൂർ, മുരുകൻ കാട്ടാക്കട, പ്രൊഫ. വി. കാർത്തികേയൻ നായർ, പ്രൊഫ. എ.ജി. ഒലീന, വിനോദ് വൈശാഖി, റോബിൻ സേവ്യർ, പ്രൊഫ. ചിറക്കര സലീം കുമാർ എന്നിവർ സന്നിഹിതരാകും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രേക്ഷകർക്ക് 0471-400282, 9895343614 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണെന്ന് മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.