ആരോഗ്യകരമായ ജീവിതത്തിനുള്ള വഴികൾ എപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് മലയാളി. എന്നാൽ, ബഹുഭൂരിപക്ഷവും നമുക്ക് ചുറ്റും തന്നെയുള്ള ആരോഗ്യകരമായ ജീവിതത്തിനുതകുന്ന പല ഔഷധങ്ങളും തിരിച്ചറിയാതെ പോകുന്നു. അതിലൊന്നാണ് ആരോഗ്യകരമായ ചായ. ഗ്രീൻ ടീ മുതൽ വിവിധതരം ചായകളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. പേരയില ചായ അത്തരത്തിൽ ഏറെ ഗുണങ്ങൾ നിറഞ്ഞതാണ്. ചില ഗുണങ്ങൾ അറിയാം….
1. വയറിളക്കം ശമിപ്പിക്കാൻ
പേരയില ചായ അണുബാധ പരിഹരിക്കാൻ സഹായിക്കും. അണുബാധ കാരണമുണ്ടാകുന്ന വയറിളക്കം തടയാനും പെട്ടെന്ന് അണുബാധ നീക്കാനും േപരയിലകൾ അടങ്ങിയ ചില സത്തകൾക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
2. രക്തത്തിലെ ഷുഗർ കുറയ്ക്കുന്നു
പേരയ്ക്ക ഇലയിലെ പോളിഫിനോൾസ് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് നിയന്ത്രിക്കുന്നു. അതിനാൽ, പ്രമേഹമുള്ളവർക്ക് പേരയില ചായ നല്ലതാണ്. ഭക്ഷണത്തിന് ശേഷം പേരയില ചായ കുടിക്കുന്നത് രക്തത്തിലെ ഷുഗറിൻറെ കുതിച്ചുയരലിനെ തടയിടും.
ജപ്പാനിൽ പ്രമേഹം നിയന്ത്രിക്കാൻ സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ് പേരയില ചായ എന്ന് കൂടി അറിയുക.
3. കൊളസ്ട്രോൾ കുറയ്ക്കും
പേരയ്ക്ക ഇലയുടെ സത്തിൻറെ ഉപയോഗം ചീത്ത കൊളസ്ട്രോൾ (LOL) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) കൂട്ടാനും സഹായിക്കുന്നു. കൂടാതെ പേരയ്ക്ക ഇലയിലെ പൊട്ടാസ്യവും നാരുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
4. ശരീരഭാരം കുറയ്ക്കാൻ
വണ്ണം കുറയ്ക്കാൻ എല്ലാ വഴികളും പരീക്ഷിച്ചു മടുത്തവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും പേരയില ചായ കൂടി കുടിച്ച് ഒന്ന് ശ്രമിച്ച് നോക്കുക. രക്തത്തിലെ ഷുഗർ കുറയ്ക്കുന്നത് സഹായിക്കുന്നത് പോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പേരയില ചേർത്ത ചായയോ ജ്യൂസോ പതിവാക്കിയാൽ മതി.
മറ്റു ഗുണങ്ങൾ
ആൻറിഓക്സിഡൻറ് ലൈക്കോപീനുകൾ പേരയിലയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇവയ്ക്ക് കാൻസർ സാധ്യതകളെ കുറയ്ക്കാൻ കഴിയും. വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ പേരയ്ക്കാ ഇലയുടെ പൗഡർ മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരുവിൻറെ പ്രശ്നങ്ങളെ പൂർണമായും ഒഴിവാക്കാനും മുഖത്തെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു.
ഇനി പേരയില ചായ തയാറാക്കാം. ചേരുവകൾ:
പേരയുടെ തളിരിലകൾ -10
ചായപ്പൊടി – 1/4 ടീ സ്പൂൺ
തേൻ – ആവശ്യത്തിന്
തയാറാക്കേണ്ട വിധം:
ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ശേഷം നന്നായി കഴുകിയ പേരിയിലകൾ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിക്കുക. ചായപ്പൊടിയും അതിന് ശേഷം ചേർക്കാം. അരിച്ച് ഇളം ചൂടോടെ ഉപയോഗിക്കാം. മധുരം ആവശ്യമുള്ളവർക്ക് തേൻ ഉപയോഗിക്കാം. നിങ്ങളുടെ രുചിക്കനുസരിച്ച് ഇഞ്ചി, ചെറുനാരങ്ങ നീര് എന്നിവയും ഉപയോഗിക്കാം.
ചില കാര്യങ്ങൾ ശ്രദ്ധിക്കാം
കിഡ്നി സംബന്ധമായ രോഗങ്ങളുള്ള ചിലർക്ക് പൊട്ടാസ്യത്തിൻറെ അളവ് ഭക്ഷണത്തിൽ നിയന്ത്രിക്കേണ്ടതായിട്ട് വരും. അങ്ങനെയുള്ള രോഗികൾ പേരയില ചായ ഉപയോഗിക്കാതിരിക്കുക. കാരണം, അതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പേരയില ചായ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണം.
പേരയ്ക്ക ഇലയുടെ പൊടി ശരീരത്തിൽ പുരട്ടുന്നത് എക്സിമ ലക്ഷണങ്ങൾ കൂട്ടാൻ കാരണമായേക്കാം. അതിനാൽ, എക്സിമ ഉള്ളവർ പേരയ്ക്ക ഇലയുടെ സത്ത് അടങ്ങിയ ഒന്നും ശരീരത്തിൽ പുരട്ടാതിരിക്കുന്നതാണ് നല്ലത്.