ന്യൂഡൽഹി: കെപിസിസി പുനഃസംഘടന നിർത്തിവയ്ക്കണമന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ സന്ദർശനമെന്നാണ് വിലയിരുത്തൽ. നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാകാം സോണിയാ ഗാന്ധിക്കുമുന്നിലെത്തിയ പരാതികള്‍. അതേസമയം നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പുതിയ ചില ഫോർമുലകൾ പരിഗണിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.