വാഷിങ്ടൺ: ജമ്മു -കശ്മീരിലേക്ക് യാത്ര ഇപ്പോൾ പോകരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നവരോടാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭീകരവാദവും വിഭാഗീയ അക്രമവും കാരണം പാക്കിസ്ഥാനിലേക്കുള്ള യാത്ര പുനഃപരിശോധിക്കാനും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റകൃത്യങ്ങളും തീവ്രവാദവും വർധിക്കുന്നതിനാൽ ഇന്ത്യയിലേക്ക് പോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അമേരിക്ക പുറപ്പെടുവിച്ച് യാത്ര നിർദേശങ്ങളിൽ പറയുന്നു. ഭീകരവാദവും ആഭ്യന്തര അശാന്തിയും കാരണം സായുധ സംഘട്ടനത്തിന് സാധ്യതയുള്ളതിനാൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.
”ഇന്ത്യയിൽ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗമെന്ന് ഇന്ത്യൻ അധികാരികളുടെ റിപ്പോർട്ട് പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു” അതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ പോകുേമ്പാൾ ജാഗ്രത പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.