ന്യൂഡൽഹി;ലഖിംപൂർ ഖേരി കൊലപാതകക്കേസ് അന്വേഷണത്തിന്‍റെ മേൽനോട്ടം വിരമിച്ച ജഡ്ജിയെ ഏൽപ്പിക്കുന്നതിൽ സുപ്രിം കോടതി ഉത്തരവ് ഇന്നുണ്ടാകും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തിൽ ഉത്തരവ് ഇറക്കുക. ഉത്തർപ്രദേശിന് പുറത്തുള്ള റിട്ടയേഡ് ജഡ്ജിയെയാണ് പരിഗണിക്കുന്നത്.യു പി പൊലീസിന്റെ അന്വേഷണത്തിൽ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതെയും ഉറപ്പാക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കണമെന്നാണ് സുപ്രിം കോടതിയുടെ നിലപാട്.
ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിം കോടതി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.