കൊച്ചി: എറണാകുളം വേങ്ങൂർ പാണിയേലിയിൽ പുലി ശല്യം രൂക്ഷമാകുന്നു. വനംവകുപ്പിനോട് പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ രാത്രി ജനവാസമേഖലയിലെത്തിയ പുലി പ്രദേശവാസിയായ സുബിയുടെ വളർത്തുനായയെ കടിച്ചു കൊന്നു. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയതോടെ നായയെ ഉപേക്ഷിച്ച് പുലി ഓടിപ്പോയി. വീടിനോട് ചേർന്ന് കെട്ടിയിരുന്ന നായയുടെ ദേഹമാസകലം പുലി കടിച്ച പാടുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വളർത്തുനായ്ക്കളെ പുലി ആക്രമിക്കുന്ന മൂന്നാമത്തെ സംഭവമാണ് ഈ പ്രദേശത്തുണ്ടായത്. പുലിവരുന്നത് ആവർത്തിച്ചിട്ടും വനവകുപ്പ് ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.