യാങ്കൂൺ: മ്യാൻമർ മിലിട്ടറി ഫോർസ് ജുൻഡ ഓങ് സാങ് സൂചിക്കെതിരെ വഞ്ചന കുറ്റം ചുമത്തി കേസെടുത്തു. 2020ലെ മ്യാൻമർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വഞ്ചനാ കുറ്റം ചുമത്തിയത്ത്. 2020ലെ തിരഞ്ഞെടുപ്പിൽ സൂചിയുടെ പാർട്ടി വമ്പിച്ച വിജയം കൈവരിച്ചിരുന്നു. ഫെബ്രുവരിയിലാണ് പട്ടാള അട്ടിമറിയിലൂടെ ജുൻഡ ഭരണം കൈയടക്കിയത്.
സൂചിയുടെ പാർട്ടിയുടെ വമ്പിച്ച മുന്നേറ്റത്തെ തുടർന്ന് തെരഞ്ഞെടുപ്പ് വഞ്ചന കുറ്റം, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിച്ച് സൂചിയെ ജയിലിൽ അടച്ചിരുന്നു. ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമർ പ്രക്ഷുബ്ധമാണ്. നിയമ വിരുദ്ധമായി വോക്കി-ടോക്കി ഇറക്കുമതി നടത്തിയെന്നും അഴിമതി, രാജ്യദ്രോഹം കുറ്റങ്ങളുമാണ് സൂചിക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തൊളിഞ്ഞാൽ സൂചി വർഷങ്ങളോളം തടവിൽ കഴിയേണ്ടി വരും.
തെരഞ്ഞെടുപ്പ് വഞ്ചന കുറ്റം, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിച്ചാണ് ജുൻഡ, സൂചിക്കെതിരെ കേസ് ചുമത്തിയതെന്ന് മ്യാൻമർ സർക്കാറിൻ്റെ ഔദ്യോഗിക പത്രം ‘ഗ്ലോബൽ ന്യൂ ലൈറ്റ് ഓഫ് മ്യാൻമർ’ റിപ്പോർട്ട് ചെയ്തു. പക്ഷെ കോടതി നടപടികൾ എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
മുൻ പ്രസിഡൻറ് വിൻ മൈൻറ്, ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ഉൾപ്പടെ മറ്റ് പതിനഞ്ച് ഉദ്യോഗസ്ഥരും ഇതേ ആരോപണം നേരിടുന്നതായി പത്രം റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണത്തിലും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് സൂചി. അതേസമയം, 2020ലെ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്ന് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ആൻ സാങ് സൂഛിയുടെ പാർട്ടിയായ എൻഎൽഡി പിരിച്ചു വിടണമെന്ന് ഭീഷണിപ്പെടുത്തിയ ജുൻഡ, സൂചിയുടെ അടുത്ത സഹായിയും മുതിർന്ന നേതാവുമായ വിൻ ഹെറ്റൈനിനെ ജയിലിലടച്ചിരുന്നു. സൈനിക അട്ടിമറിക്ക് ശേഷം ജുൻഡ 1,250 പേരെ കൊലപ്പെടുത്തുകയും 10,000 പേരെ ജയിലടക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.